സലിം കുമാറിന്റെ മകൻ മരപ്പാഴ്; അധിക്ഷേപിച്ചവർക്ക് മറുപടിയുമായി ചന്തു സലീംകുമാർ
സോഷ്യൽ മീഡിയയിൽ പരിഹാസ കമന്റുമായി എത്തിയ വിമർശകന് മറുപടിയുമായി സലിം കുമാറിന്റെ മകനും നടനുമായ ചന്തു. ദുൽഖർ സൽമാൻ നിർമ്മിക്കുന്ന പുതിയ ചിത്രത്തിൽ അഭിനയിക്കുകയാണ് ചന്തു . കഴിഞ്ഞ ദിവസം ഈ സിനിമയുടെ ലൊക്കേഷനിലെത്തിയ മമ്മൂട്ടിക്കൊപ്പമുള്ള ചന്തുവിന്റെ ചിത്രങ്ങൾക്ക് താഴെയാണ് കമന്റ് എത്തിയത്.
”പുറകിൽ ഇരിക്കുന്ന സലിം കുമാറിന്റെ മകൻ മരപ്പാഴിനെ ഇപ്പോൾ പല പടങ്ങളിലും പിടിച്ച് തിരുകി വയ്ക്കുന്നുണ്ട്” എന്നായിരുന്നു ഒരാളുടെ കമന്റ്. ഈ കമന്റ് ശ്രദ്ധയിൽപ്പെട്ടതോടെ, ‘ഓക്കെ ഡാ’ എന്നാണ് ചന്തു മറുപടി നൽകിയത്. ചന്തുവിനെ പരിഹസിച്ചു കമന്റിട്ടയാൾക്ക് തക്ക മറുപടിയുമായി പ്രേക്ഷകരും രംഗത്തെത്തുന്നുണ്ട്.
”ഒന്നുമില്ലായ്മയിൽ നിന്നും വളർന്ന ഒരച്ഛന്റെ മകനാണ്. സലിം കുമാറിനെയും ചെറുപ്പത്തിൽ നാട്ടിലെ പലരും പരിഹസിച്ചിട്ടുണ്ട്. അതിനുള്ള മധുര പ്രതികാരം അദ്ദേഹമിപ്പോൾ ചെയ്യുന്നുമുണ്ട്. തീർച്ചയായും അവനും മലയാള സിനിമയിൽ മികച്ചവരിൽ ഒരാളാകും” എന്നാണ് ഒരു കമന്റ്.
അതേസമയം, ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് നിർമിക്കുന്ന ഏഴാമത്തെ ചിത്രത്തിലാണ് ചന്തു സലിം കുമാറും പ്രധാന കഥാപാത്രമായി അഭിനയിക്കുന്നത്. അരുൺ ഡൊമിനിക് രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കല്യാണി പ്രിയദർശൻ, നസ്ലൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്റെ പേര് പുറത്ത് വിട്ടിട്ടില്ല.