ഇപ്പോൾ ഫിനാൻഷ്യൽ ബാക്കപ്പില്ല, തത്കാലം സിനിമകൾ മാത്രം ചെയ്യുകയെന്ന തീരുമാനത്തിലാണ്: ചിന്നു ചാന്ദിനി
തമാശ എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് ചിന്നു ചാന്ദിനി. താമയയ്ക്ക് ശേഷം ഭീമന്റെ വഴി, കാതൽ എന്നീ സിനിമകളിലൂടെ മികച്ച സിനിമകളുടെ ഭാഗമാവാനും ചിന്നുവിന് സാധിച്ചിരുന്നു. സൂരജ് ടോം സംവിധാനം ചെയ്ത ‘വിശേഷം’ അണ് ചിന്നുവിന്റെ ഏറ്റവും പുതിയ ചിത്രം.
ഇപ്പോഴിതാ തന്റെ ജീവിതത്തെ കുറിച്ചും, സിനിമകളെ കുറിച്ചും സംസാരിക്കുകയാണ് ചിന്നു. “സിനിമയാണ് എന്റെ ലക്ഷ്യം. വേറൊന്നും എനിക്ക് ചെയ്യേണ്ട. സാമ്പത്തികമായി റിസ്ക്‌കെടുക്കാൻ പറ്റാത്ത സമയത്താണ് സിനിമയിലേക്ക് വരുന്നത്. എനിക്ക് അച്ഛനെ നഷ്ടപ്പെട്ടു. അനിയത്തി പഠിക്കുകയായിരുന്നു. ആ സമയത്ത് സ്ഥിരവരുമാനമുള്ള ജോലി വേണമായിരുന്നു. അനുരാഗ കരിക്കിൻ വെള്ളവും, കാപ്പുചീനൊയും ചെയ്‌തശേഷം ഒരുപാട് സിനിമകളിൽ നിന്ന് അവസരങ്ങൾ വന്നിരുന്നു. എല്ലാറ്റിലും നായികയുടെ സുഹൃത്തിന്റെ കഥാപാത്രം. ആ സമയത്താണ് കാലിന് പരിക്കുപറ്റി വിശ്രമത്തിലാവുന്നത്. ഒരുവർഷം അങ്ങനെ പോയി.
എന്നിട്ടും സിനിമ ലോകം എനിക്കുവേണ്ടി കാത്തിരുന്നു. പിന്നീട് ‘തമാശ’യിൽ നല്ലൊരു വേഷം ലഭിച്ചു. അത് പ്രേക്ഷകർ സ്വീകരിച്ചു. ഒപ്പം ഉത്തരവാദിത്വം കൂടി. ഇനി ചെയ്യുന്ന സിനിമകൾ മോശമായാൽ പ്രേക്ഷകർക്ക് ഇഷ്ടം പോവുമെന്ന് മനസ്സിലായി. അങ്ങനെ, സെലക്ടീവായി മൂന്നുനാല് സിനിമകളുടെ അവസരം വന്നെങ്കിലും ആ സമയത്ത് സാമ്പത്തികമായി മെച്ചപ്പെട്ടതുകൊണ്ട് നോ പറയാൻ കഴിഞ്ഞു. പിന്നീട് വന്ന ‘ഭീമന്റെ വഴി’യും ‘കാതലും’ ഏറെ അഭിനന്ദനങ്ങൾ നേടിത്തരുകയും ചെയ്തു. ഇപ്പോൾ ഫിനാൻഷ്യലി ഒരു ബാക്കപ്പില്ല. തത്കാലം സിനിമകൾ മാത്രം ചെയ്യുകയെന്ന തീരുമാനത്തിലാണ്.” എന്നാണ് ചിന്നു പറഞ്ഞത്.