സംഗീതം കൊണ്ടും ജീവിതശൈലി കൊണ്ടും ചിത്രച്ചേച്ചി എനിക്ക് വഴി വെട്ടമാണ്: സിത്താര
ഗായകരുടെ ആഹാര രീതികളെ കുറിച്ച് പറഞ്ഞ് ഗായിക സിത്താര. ഗായകർക്ക് അസിഡിറ്റി പെട്ടെന്ന് ബാധിക്കും. അതുകൊണ്ട് പുളി കഴിക്കാറില്ല, തണുത്തതൊന്നും താൻ കഴിക്കാറില്ല എന്നാണ് സിത്താര പറയുന്നത്. ഗായിക ചിത്രക്കൊപ്പം കൂടിയതോടെയാണ് തന്റെ ഭക്ഷണത്തിൽ ശ്രദ്ധയും സംഗീതത്തോട് സമർപ്പണവും തോന്നിയത് എന്നും സിത്താര വ്യക്തമാക്കി.
”പൊതുവേ തണുപ്പ് തൊണ്ടയ്ക്ക് ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്. എസ്പിബി സാർ ഐസ്‌ക്രീം കഴിക്കുമായിരുന്നു. പക്ഷേ, എനിക്കത് പ്രശ്നമല്ലെന്ന് കരുതി നിങ്ങൾക്ക് അങ്ങനെയാകണമെന്നില്ല എന്ന് പറയുമായിരുന്നു. എല്ലാവരുടെയും ശരീരവും അതിന്റെ പരിധികളും പരിമിതികളും വ്യത്യസ്തമാണ്. ഓരോരുത്തരുടെയും അരുതുകൾ വെവ്വേറെയാണ്. അസിഡിറ്റി ഗായകരെ പെട്ടെന്ന് ബാധിക്കും. അതുകൊണ്ട് ഭക്ഷണം ശ്രദ്ധിച്ചേ പറ്റൂ.
ചിലർക്ക് തണുപ്പ് കഴിച്ചാലും പ്രശ്‌നം ഉണ്ടാകില്ല. പക്ഷേ, പുളി ഒട്ടും പറ്റുന്നുണ്ടാകില്ല. ഞാൻ തണുത്തതൊന്നും അങ്ങനെ കഴിക്കാറില്ല. പുളി ഒട്ടുമില്ലാത്ത തൈര് കഴിക്കും. സ്റ്റാർ സിംഗറിൽ ചിത്ര ചേച്ചിക്കൊപ്പം കൂടിയതിൽ പിന്നെയാണ് അടുക്കും ചിട്ടയും വന്നത്. ചിത്രച്ചേച്ചി എവിടെ പോയാലും ബാഗിൽ തണുപ്പിച്ചാറിയ വെള്ളം കാണും. എരിവും പുളിയുമുള്ള ഭക്ഷണം ചേച്ചി ഒഴിവാക്കും. ആർക്ക് പെട്ടെന്ന് അസുഖം വന്നാലും ചേച്ചിയുടെ ബാഗിൽ മരുന്ന് കാണും.
ആ ശ്രദ്ധയും സംഗീതത്തോടുള്ള സമർപ്പണവും എന്റെ കാഴ്ചപ്പാടുകൾ തിരുത്തി. പുറത്തു നിന്നുള്ള ഭക്ഷണം കഴിക്കൽ ഞാൻ കുറച്ചു. സ്വന്തമായി ടിഫിൻ കൊണ്ടുപോയി തുടങ്ങി. സംഗീതം കൊണ്ടും ജീവിതശൈലി കൊണ്ടും ചിത്രച്ചേച്ചി എനിക്ക് വഴി വെട്ടമാണ്” എന്നാണ് സിത്താര പറയുന്നത്.