സിഐഡി മൂസ എഡിറ്റ് ചെയ്തതിന്റെ ക്ഷീണം ഇപ്പോഴും മാറിയിട്ടില്ല: എഡിറ്റർ രഞ്ജൻ എബ്രഹാം

‘സിഐഡി മൂസ’യുടെ രണ്ടാം ഭാഗം വരുമെന്ന് സംവിധായകൻ ജോണി ആന്റണി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ച് പറയുമ്പോൾ മിണ്ടാതിരിയെന്ന് താൻ പറയാറുണ്ട് എന്ന് പറയുകയാണ് ചിത്രത്തിന്റെ എഡിറ്ററായ രഞ്ജൻ എബ്രഹാം.

2003ൽ ജൂലൈ 4ന് ആണ് സിഐഡി മൂസ റിലീസ് ചെയ്തത്. ജൂലൈ 3 വരെ ചിത്രം എഡിറ്റ് ചെയ്യേണ്ടി വന്നിരുന്നു എന്നാണ് രഞ്ജൻ എബ്രഹാം പറയുന്നത്. ”സിഐഡി മൂസയുടെ എഡിറ്റിംഗിനെ കുറിച്ച് ഇപ്പോഴും ചിന്തിക്കുമ്പോൾ പേടിയാണ്. ജോണിയും ദീലീപും ഒക്കെ സെക്കൻഡ് പാർട്ട് എന്ന് പറയുമ്പോൾ ഞാൻ പറയും ചുമ്മാ മിണ്ടാതിരിയെന്ന്.”

”ഫസ്റ്റ് പാർട്ട് എഡിറ്റ് ചെയ്തതിന്റെ ക്ഷീണം ഇപ്പോഴും മാറിയിട്ടില്ല. ഷൂട്ടിംഗ് തുടങ്ങി അവസാനിച്ചത് ജൂലൈ 2-ാം തീയതി രാവിലെയാണ്. അത്രയും കണ്ടന്റ് ഉണ്ടായിരുന്നു. ജൂലൈ നാലാം തീയതിയാണ് പടം റിലീസ്. ജൂലൈ മൂന്നാം തീയതി രാവിലെയാണ് രണ്ട് പാട്ട് എഡിറ്റ് ചെയ്ത് തീർക്കുന്നത്. ‘ജെയിംസ് ബോണ്ടിൻ ഡിറ്റോ’, പിന്നെ ‘തീപ്പൊരി പമ്പരം’ എന്ന പാട്ടുകൾ.”

പടം റിലീസ് ആയി ഒരാഴ്ച കഴിഞ്ഞാണ് ഞാൻ ഫുൾ സിനിമ തിയേറ്ററിൽ ഇരുന്ന് കാണുന്നത്. കാണുമ്പോൾ ഞാൻ മനസിൽ ഇങ്ങനെ ചിരിച്ചോണ്ട് ഇരിക്കുകയായിരുന്നു. ഓരോ ഷോട്ടിന് ഇടയിലും കളഞ്ഞത് എന്തു മാത്രമാണെന്ന് ആലോചിക്കുമ്പോൾ.”

”എല്ലാ സീനിലും വെട്ടി വെട്ടി കളഞ്ഞിട്ടുണ്ട്. അന്ന് അതൊന്നും കളക്ട് ചെയ്ത് വയ്ക്കാനുള്ള ചാൻസ് ഉണ്ടായിരുന്നില്ല. അന്ന് ഫിലിമിൽ അല്ലേ ഷൂട്ട് ചെയ്യുന്നത്. ഹാർഡ് ഡിസ്‌ക് ഒക്കെ ലഭിക്കാൻ തുടങ്ങിയപ്പോൾ ഞാൻ ഒരു പടത്തിലെയും റഷസ് കളയാറില്ല. ഒരു പടത്തിന്റെ റഷ് ഡിലീറ്റ് ചെയ്തു കളയുന്നത് എനിക്ക് സങ്കടം വരുന്ന കാര്യമാണ്” എന്നാണ് രഞ്ജൻ എബ്രഹാം പറയുന്നത്.

Related Articles

Next Story