ദാദാസാഹേബ് ഫൽകെ അവാർഡ് മിഥുൻ ചക്രബർത്തിക്ക് .
ബോളിവുഡ് നടനും രാഷ്ട്രീയക്കാരനുമായ മിഥുൻ ചക്രബർത്തിക്ക് ദാദാസാഹിബ് ഫാൽക്കെ അവാർഡ്. കേന്ദ്ര ഇലക്ട്രോണിക്‌സ് , ഇൻഫർമേഷൻ ആൻഡ് ബ്രോഡ്‌കാസ്റ്റിംഗ് (ഐ.ടി) മന്ത്രി അശ്വിനി വൈഷ്ണവ് ആണ് ഈ വാർത്ത X-ലൂടെ പങ്കുവെച്ചത്. നടൻ്റെ അസാധാരണമായ സിനിമായാത്രയ്ക്കും ഇന്ത്യൻ സിനിമയ്‌ക്കുള്ള ഗണ്യമായ സംഭാവനകൾക്കുമാണ് അദ്ദേഹത്തെ ആദരിക്കുന്നതെന്ന് പോസ്റ്റിൽ എടുത്തുപറഞ്ഞു. 2024 ഒക്ടോബർ 8-ന് നടക്കുന്ന 70-ാമത് ദേശീയ ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ അവാർഡ് നൽകി ആദരിക്കും.
74 കാരനായ ചക്രബ ർത്തി തൻ്റെ അഭിനയ യാത്ര ആരംഭിച്ചത് പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ് മൃണാൾ സെന്നിൻ്റെ 1976 ലെ ക്ലാസിക് മൃഗായ എന്ന ചിത്രത്തിലൂടെയാണ്, അതിന് മികച്ച നടനുള്ള ദേശീയ ചലച്ചിത്ര അവാർഡ് അദ്ദേഹം നേടി. 'ഡിസ്കോ ഡാൻസർ മിഥുൻ ചക്രബർത്തിയുടെ ബോക്സ് ഓഫീസിൽ വമ്പൻ ഹിറ്റായ ചിത്രമാണ്. 1990-ൽ ഇറങ്ങിയ അഗ്നിപഥ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച അഭിപ്രായമാണ് അദ്ദേഹത്തിന് ലഭിച്ചത്. പൈഡ കർണേ വാലെ കി, കമാൻഡോ, OMG: ഓ മൈ ഗോഡ് എന്നിവ അദ്ദേഹത്തിന്റെ അഭിനയ യാത്രയിലെ ശ്രെദ്ധേയമായ ചിത്രങ്ങളാണ്.
ചടുലമായ പ്രകടനങ്ങൾക്കും ശൈലിക്കും പേരുകേട്ട മിഥുൻ ദശാബ്ദങ്ങളോളം സിനിമ ആസ്വാദകരെ ആകർഷിച്ചു. 80-കളിലെ അദ്ദേഹത്തിൻ്റെ ഐകോണിക്കായ ' ഐ ആമേ ഡിസ്കോ ഡാൻസർ' എന്ന ഗാനം പഴയ കാലഘട്ടത്തിൻ്റെ ഓർമ്മകൾ ഉണർത്തുന്ന പ്രധാന പാർട്ടി ഗാനമായി ഇന്നും നിലനിൽക്കുന്നു . അതിരുകളില്ലാത്ത ഊർജവും, ആകർഷകമായ ഈണങ്ങളും, ട്രെൻഡ് സെറ്റിങ്ങായ നൃത്തച്ചുവടുകളും കൊണ്ട് മിഥുൻ്റെ സിനിമകൾ വിജയം കണ്ടിരുന്നു.
1989-ൽ 19 സിനിമകളിലൂടെ തുടർച്ചയായി വിജയം കണ്ട ഒരു നായക നടനെന്ന നിലയിൽ ശ്രദ്ധേയമായ റെക്കോർഡ് അദ്ദേഹം സ്വന്തമാക്കി. ലിംക ബുക്ക് ഓഫ് റെക്കോർഡ്സ് അംഗീകരിച്ച ഈ നേട്ടം ഇപ്പോഴും ബോളിവുഡിൽ തകർക്കപ്പെട്ടിട്ടില്ല.
സിനിമയിലെ നേട്ടങ്ങൾക്കപ്പുറം രാഷ്ട്രീയത്തിലും മിഥുൻ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. തൃണമൂൽ കോൺഗ്രസ് നോമിനിയായി 2014ൽ രാജ്യസഭയിൽ ചേർന്നെങ്കിലും രണ്ടുവർഷത്തിനുശേഷം രാജിവച്ചു. 2021-ൽ പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അദ്ദേഹം ഭാരതീയ ജനതാ പാർട്ടിയിൽ (ബിജെപി) ചേർന്നു.