‘വർഷങ്ങൾക്കു ശേഷം’ സിനിമയേക്കാൾ തനിക്കിഷ്ടപ്പെട്ടത് ‘ആവേശ’മാണെന്ന് ധ്യാൻ ശ്രീനിവാസൻ
‘വർഷങ്ങൾക്കു ശേഷം’ സിനിമയേക്കാൾ തനിക്കിഷ്ടപ്പെട്ടത് ‘ആവേശ’മാണെന്ന് തുറന്നു പറഞ്ഞ് ധ്യാൻ ശ്രീനിവാസൻ. ‘പാർട്ണേഴ്സ്’ എന്ന പുതിയ സിനിമയുടെ പ്രസ്മീറ്റില്‍ സംസാരിക്കുന്നതിനിടെയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. ‘ആവേശം’ റിലീസ് ചെയ്യുന്നതിനു മുമ്പേ അതിന്റെ റിപ്പോർട്ട് കിട്ടിയിരുന്നുവെന്നും അന്നങ്ങനെ പറഞ്ഞത് തമാശയ്ക്കു മാത്രമായിരുന്നുവെന്നും ധ്യാൻ പറഞ്ഞു.
‘‘ഫെസ്റ്റിവൽ സീസണിലാണ് നമ്മുടെ സിനിമ വരുന്നത്. അങ്ങനെയൊരു ക്ലാഷ് വരുന്ന സമയത്ത് നിങ്ങളുടെ മുന്നിൽ തന്നെയല്ലേ ഞാനിതൊക്കെ പറഞ്ഞുപോയത്. നമ്മൾ പറയുന്നത്, ആളുകൾ എങ്ങനെ എടുക്കുന്നു എന്നതും പ്രധാനമാണ്. ജിത്തു (ആവേശം സംവിധായകൻ) തന്നെ അതിനു ശേഷം നൽകിയ അഭിമുഖങ്ങളിൽ പറയുകയുണ്ടായി, ഞാനത് പറഞ്ഞത് തമാശയ്ക്കാണെന്ന്.ആവേശം സിനിമ ഇറങ്ങുന്നതിനു മുന്നേ നമുക്ക് അറിയാം, ആ സിനിമ എങ്ങനെ വരുമെന്നുള്ളത്. ഈ സിനിമ എത്രത്തോളം നല്ലതാണെന്നുള്ളതിന്റെ വാർത്തകളും നേരത്തെ കിട്ടും. ഞാനങ്ങനെ പറഞ്ഞുകൊണ്ട് ആ സിനിമയ്ക്കൊന്നും സംഭവിക്കാൻ പോകുന്നില്ല.ആ സിനിമ പുറത്തിറങ്ങി ഹിറ്റായി എന്ന ആളുകളുടെ പ്രതികരണം വന്നതിനു ശേഷമാണ് ഞാൻ രാത്രിയിൽ പോയി തമാശയ്ക്ക് ആ പ്രതികരണം നടത്തിയത്." ധ്യാൻ പറഞ്ഞു.
വർഷങ്ങൾക്ക് ശേഷം തിയേറ്ററിൽ നല്ല വിജയം നേടിയിരുന്നുവെങ്കിലും ഒടിടി യിൽ വന്നപ്പോൾ ചിത്രം നിരാശയാണ് ഒടിടി പ്രേക്ഷകർക്ക് നൽകിയത് എന്നാണ് വാർത്ത വന്നത്. അതിനു പിന്നാലെ ചിത്രത്തിന്റെ മേക്കപ്പ് ഉൾപ്പെടെ ഉള്ള എല്ലാത്തിനും വിമർശനങ്ങൾ നേരിടേണ്ടതായി വന്നു. അത്തരമൊരു സാഹചര്യത്തിൽ ആണ് ധ്യാൻ ഇപ്രകാരം പറഞ്ഞത്.