ക്യാൻസറിനെ അതിജീവിക്കാനായി നടത്തിയ ശസ്ത്രക്രിയയ്‌ക്കുശേഷം തന്റെ ആദ്യ ബ്ലോഗുമായി നടി ദീപിക കക്കർ

ഹിന്ദി ടെലിവിഷൻ സീരിയലുകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയാണ് ദീപിക കക്കർ. ഹിന്ദി ബിഗ് ബോസിലൂടെയും ദീപിക പ്രേക്ഷകർക്ക് സുപരിചിതയാണ്. ദീപികയുടെ ഭർത്താവ് ഷൊയ്ബ് ഇബ്രാഹിം കഴിഞ്ഞ മാസം ദീപികയ്ക്ക് കരളിൽ ട്യൂമർ കണ്ടെത്തിയതായി അറിയിച്ചത് ആരാധകരിൽ വലിയ ഞെട്ടൽ ഉണ്ടാക്കിയിരുന്നു. പിന്നീടിങ്ങോട്ട് ദീപികയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട ഓരോ അപ്ഡേറ്റുകളും അദ്ദേഹം ആരാധകരുമായി പങ്കുവച്ചിരുന്നു.14 മണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രിയയ്ക്ക് ശേഷം ദീപിക സുഖം പ്രാപിച്ചു വരുന്നതായുള്ള വിവരം കുറച്ചു ദിവസങ്ങൾക്കു മുൻപാണ് അദ്ദേഹം പങ്കു വച്ചത്. ഇപ്പോഴിതാ തിരികെ വീട്ടിലെത്തിയ ശേഷമുള്ള ആദ്യ വ്ലോഗ് പങ്കുവെച്ചിരിക്കുകയാണ് ദീപിക കക്കർ.

ഏകദേശം ഒരു മാസം മുമ്പാണ് ട്യൂമർ ഉണ്ടെന്നും ശസ്ത്രക്രിയ ആവശ്യമാണെന്നും അറിയിച്ചതെന്ന് ദീപിക പറയുന്നു. ശസ്ത്രക്രിയ എന്ന വാക്കുപോലും തന്നെ പരിഭ്രാന്തയാക്കി. ഷോയിബിന് ഇക്കാര്യത്തെക്കുറിച്ച് അറിയാമെങ്കിലും തന്നോട് പറഞ്ഞിരുന്നില്ല. റിപ്പോർട്ടുകൾ നേരിട്ട് കണ്ടപ്പോൾ കാര്യങ്ങൾ ശരിയല്ലെന്ന് മനസ്സിലായിരുന്നു.

ആശുപത്രിയുടെ ഇടനാഴിയിൽ നിൽക്കെ ഞങ്ങൾ രണ്ടുപേരും പൊട്ടിക്കരഞ്ഞു. കാൻസർ എന്ന വാക്ക് കേൾക്കുമ്പോൾ അത് മനസ്സിൽ ഭയമുണ്ടാക്കുന്നു. തകർന്നുപോയ താൻ ഷോയിബിനെ കെട്ടിപ്പിടിച്ച് കരഞ്ഞുവെന്നും നടി വ്ലോഗിൽ പറയുന്നു.

താൻ സ്റ്റേജ് 2 കരൾ കാൻസറിനെതിരെ പോരാടുകയാണെന്നായിരുന്നു കഴിഞ്ഞ മാസം ദീപിക വെളിപ്പെടുത്തിയത്. 'സസുരാൽ സിമർ കാ' എന്ന പരമ്പരയിലെ വേഷത്തിലൂടെ ശ്രദ്ധേയയായ ഈ ടെലിവിഷൻ താരം, ഹൃദയഭേദകമായ ഈ വാർത്ത ഒരു വികാരനിർഭരമായ ഇൻസ്റ്റാഗ്രാം കുറിപ്പിലൂടെയാണ് പങ്കുവെച്ചത്. കടുത്ത വയറുവേദനയെ തുടർന്ന് പരിശോധിച്ചപ്പോഴാണ് ഡോക്‌ടർമാർ കരളിൽ "ഒരു ടെന്നീസ് ബോളിൻ്റെ വലുപ്പമുള്ള" ഒരു ട്യൂമർ കണ്ടെത്തിയതെന്നും പിന്നീട് അത് അർബുദമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നുവെന്നുമാണ് ദീപിക അറിയിച്ചത്.

Related Articles
Next Story