സംവിധായകൻ വത്സൻ കണ്ണേത്ത് അന്തരിച്ചു
കൊച്ചി: ചലച്ചിത്ര സംവിധായകൻ വത്സൻ കണ്ണേത്ത് (73) അന്തരിച്ചു. 1985-ൽ റിലീസ് ചെയ്ത 'എന്റെ നന്ദിനിക്കുട്ടി' എന്ന ചിത്രത്തിന്റെ സംവിധായകനാണ് ഇദ്ദേഹം. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠനം പൂർത്തിയാക്കിയ വത്സൻ, എഴുപതുകളിൽ തിരുവനന്തപുരം മെരിലാന്റ് സ്റ്റുഡിയോയിൽ, നിർമാതാവും സംവിധായകനുമായ പി സുബ്രഹ്മണ്യത്തിന്റെ കീഴിലായിരുന്നു സിനിമാ ജീവിതത്തിന് തുടക്കം കുറിച്ചത്. എം കൃഷ്ണൻ നായർ, ശശികുമാർ, എ ഭീംസിങ്, പി എൻ സുന്ദരം, തോപ്പിൽ ഭാസി, ലിസ ബേബി തുടങ്ങിയ സംവിധായകരുടെ കീഴിൽ അമ്പതോളം സിനിമകളിൽ സംവിധാന സഹായിയായിരുന്നു.
അടൂർ ഭാസി സംവിധാനം ചെയ്ത 'ആദ്യപാഠ'ത്തിന്റെ സഹസംവിധായകനായിരുന്നു. സംവിധായകൻ മോഹന്റെ ആദ്യകാല ചിത്രങ്ങളിൽ മുഖ്യ സഹസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്. നടനും നിർമ്മാതാവുമായ ഇന്നസെന്റ്, ഡേവിഡ് കാച്ചപ്പിള്ളി എന്നിവരോടൊപ്പം വിവിധ ചലച്ചിത്ര സംരംഭങ്ങളിൽ പങ്കാളിയായിട്ടുണ്ട്.