നിരാശയോടെ പെട്ടിയും കിടക്കയുമെടുത്ത് മടങ്ങി; അതേ ഇടത്ത് ഇന്ന് തലയുയർത്തി സ്വാസിക

ഒരിടവേളയ്ക്ക് ശേഷം തമിഴിലേക്കുള്ള തിരിച്ചുവരവ് നടത്തി സ്വാസിക. ഈയ്യടുത്തിറങ്ങിയ ലബ്ബർ പന്ത് എന്ന ചിത്രത്തിലെ സ്വാസികയുടെ പ്രകടനം കയ്യടി നേടുകയാണ്. ആട്ടക്കത്തി ദിനേശ് നായകനായ ചിത്രത്തിൽ നായിക വേഷത്തിലാണ് സ്വാസിക എത്തുന്നത്. മുമ്പും തമിഴിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ഇത്ര സ്വീകാര്യത നേടാൻ സാധിക്കുന്നത് ആദ്യമായാണ്.

തമിഴിൽ അഭിനയിക്കാൻ പോയപ്പോൾ മുമ്പ് നിരാശയോടെ മടങ്ങേണ്ടി വന്നതിനെക്കുറിച്ചും ഇപ്പോൾ നേരടുന്ന പ്രശംസയെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് സ്വാസിക. ''ഈ വിജയത്തിൽ ഏറ്റവും സന്തോഷിക്കുന്നത് അമ്മയാണ്. ഏറ്റവും ആദ്യം തമിഴിൽ അഭിനയിക്കാൻ പോയപ്പോൾ കൂടെ ഉണ്ടായിരുന്നത് അമ്മയാണ്. അന്നെനിക്ക് 16 വയസ്സാണ്. കുറെ സ്വപ്നങ്ങളുമായാണ് അന്ന് ചെന്നൈയിലേക്ക് വണ്ടി കയറിയത്. പക്ഷേ, ഒന്നും നടന്നില്ല. ഒരു വർഷം അവിടെ നിന്നിട്ടും കാര്യമായി ഒന്നും സംഭവിക്കാതെ വന്നപ്പോൾ നിരാശയോടെയാണ് പെട്ടിയും കിടക്കയും എടുത്ത് മടങ്ങിയത്.'' എന്നാണ് സ്വാസിക പറയുന്നത്.

വർഷങ്ങൾക്ക് ശേഷം ലബ്ബർ പന്തിൽ അഭിനയിക്കാനും ഞാനും അമ്മയും കൂടിയാണ് പോയതെന്നാണ് സ്വാസിക പറയുന്നത്. അതേസമയം തന്റെ അമ്മയ്ക്ക് നല്ല ടെൻഷനുണ്ടായിരുന്നു. രണ്ടാമതു പോകുമ്പോഴും ആദ്യത്തെ പോലെ ആകുമോ എന്നായിരുന്നു അമ്മയ്ക്ക് ചിന്തയെന്നും താരം പറയുന്നു. ഷൂട്ട് കഴിഞ്ഞ് ഒന്നര വർഷം കഴിഞ്ഞാണ് സിനിമ ഇറങ്ങിയത്. റിലീസ് വൈകിയപ്പോഴും അമ്മ ടെൻഷനടിച്ചു. ഇപ്പോൾ ആ സിനിമയിലൂടെ വലിയ സ്വീകാര്യത കിട്ടുമ്പോൾ അമ്മ ഹാപ്പിയാണെന്ന് സ്വാസിക പറയുന്നു. ഒപ്പം താനും.

തമിഴിലൂടെയാണ് സ്വാസിക കരിയർ ആരംഭിക്കുന്നത്. 2009 ൽ പുറത്തിറങ്ങിയ വൈഗ ആയിരുന്നു ആദ്യ സിനിമ. പിന്നീട് ഗോരിപാലയം, മൈതാനം സാട്ടൈ തുടങ്ങിയ തമിഴ് സിനിമകളിൽ അഭിനയിച്ചുവെങ്കിലും ശ്രദ്ധ നേടാനായില്ല. തുടർന്നാണ് സ്വാസിക മലയാളത്തിലേക്ക് വരുന്നത്. മലയാളത്തിൽ സിനിമകൾ ചെയ്തുവെങ്കിലും സ്വാസികയെ താരമാക്കുന്നത് സീരിയലുകളായിരുന്നു. പിന്നീട് സിനിമയിലേക്ക് തിരികെ വന്ന് കൂടുതൽ വിജയം നേടാനും മികച്ച സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടാനും സ്വാസികയ്ക്ക് സാധിച്ചിട്ടുണ്ട്.

Related Articles
Next Story