പ്രഭാസിന്റെ വില്ലനായി ഡോൺലീ ഇന്ത്യൻ സിനിമയിലേക്ക്
കൽക്കി 2898 എഡി തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. എന്നാൽ അതിനൊപ്പം പ്രഭാസിന്റെ പുതിയ സിനിമകളെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ സജീവമാണ്. അക്കൂട്ടത്തിലൊരു ചിത്രമാണ് അനിമൽ എന്ന ബോളിവുഡ് ചിത്രത്തിന്റെ സംവിധായകൻ സന്ദീപ് റെഡ്ഡി വംഗ സിനിമ. കഴിഞ്ഞ ഏപ്രിലിൽ ആയിരുന്നു പ്രഭാസുമായി ഒരു സിനിമ വരുന്നുവെന്ന് സന്ദീപ് റെഡ്ഡി അറിയിച്ചത്.
കൊറിയൻ സൂപ്പർ താരം മാ ഡോങ്-സിയോക് ചിത്രത്തിൽ വേഷമിടുന്നു എന്നാണ് വിവിധ ഉറവിടങ്ങളെ ഉദ്ധരിച്ച് എന്റർടെയ്ൻമെന്റ് സൈറ്റുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സിനിമയിൽ പ്രഭാസിന്റെ വില്ലനായിട്ടാകും സിയോക് എത്തുക എന്നാണ് വിവരം. കൊറിയൻ സ്റ്റണ്ട് കൊറിയോഗ്രാഫർമാരെയും അണിയറപ്രവർത്തകർ സമീപിച്ചിട്ടുണ്ട് എന്നും റിപ്പോർട്ടുകൾ ഉണ്ട്.
കൊറിയയിലെ ഏറ്റവും സമ്പന്നനായ നായക നടന്മാരുടെ ലിസ്റ്റിൽ മുൻപന്തിയിൽ ഉള്ള ആളാണ് മാ ഡോങ്-സിയോക്. മലയാളികൾക്ക് ഇടയിലും അദ്ദേഹത്തിന് നല്ലൊരു ഫാൻ ബേസ് ഉണ്ട്. മലയാളികൾ സ്നേഹത്തോടെ വിളിക്കുന്നത് കൊറിയൻ ലാലേട്ടൻ എന്നാണ്. ഡോൺലീയുടെ ഇടിയുടെ പവർ എന്താന്ന് ഡോൺലീയെ അറിയുന്ന ഓരോ ആളുകൾക്കും അറിയാം. സംഭവം സോഷ്യൽ മീഡിയയിൽ തരംഗം ആയതോടെ എന്നാൽ ഞങ്ങൾ വില്ലന്റെ സൈഡ് എന്ന് പറഞ്ഞു നിരവധി ഡോൺലീ ആരാധകർ രംഗത്ത് വന്നിരുന്നു. എന്ത് തന്നെയാണെങ്കിലും വില്ലൻ ഡോൺലീ ആണെങ്കിൽ പ്രഭാസ് ഒന്ന് വിയർക്കും.