മൊബൈൽ ഫോൺ ഉപയോഗം മൂലം 'മൊബൈൽ ഫോൺ ഫിംഗർസ്' എന്ന രോഗവസ്ഥ നേരിടേണ്ടി വന്നു.

ആരാധകരുടെ എക്കാലത്തെയും പ്രിയപ്പെട്ട നായകനാണ് മാധവൻ. ഇപ്പോൾ മൊബൈൽ ഫോൺ ഉപയോഗം മൂലം തനിക്ക് ഉണ്ടായ പ്രശ്നങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം.
മൊബൈൽ ഫോൺ നമ്മുടെ ശരീരത്തെ മാറ്റിമറിക്കുമെന്നാണ് മാധവൻ പറയുന്നത്. ഒരു സെമിനാറിൽ സംസാരിക്കവെയാണ് മാധവൻ ഇക്കാര്യം പറഞ്ഞത്. അമിതമായ മൊബൈൽ ഫോൺ ഉപയോഗം കാരണം തനിക്ക് മൊബൈൽ ഫോൺ ഫിംഗേഴ്‌സ് എന്ന അവസ്ഥ ഉണ്ടായെന്നും മാധവൻ കൂട്ടിച്ചേർത്തു.
'ഈ സാധനം നിങ്ങളുടെ ശരീരത്തെ മാറ്റിമറിച്ചുകൊണ്ടിരിക്കുകയാണ്. നിങ്ങളെല്ലാവരും മൊബൈൽ ഫോൺ ഉപയോഗിക്കുന്ന കൈയിലെ വിരലുകൾ വാരിയെല്ലിനു മുകളിലൂടെ ഓടിക്കുക. അതുകഴിഞ്ഞ് മൊബൈൽ ഉപയോഗിക്കാത്ത കൈയും. വ്യത്യാസം മനസിലാകും. ഞാൻ ഉറപ്പിച്ചു പറയുന്നു. നമുക്കെല്ലാവർക്കും മൊബൈൽ ഫോൺ ഫിംഗേഴ്‌സുണ്ടാകും.' -മാധവൻ പറഞ്ഞു.
മൊബൈൽ ഫോണുകൾ ഒരുപാട് സമയം ഉപയോഗിക്കുന്നതുവഴി കൈവിരലുകൾക്കുണ്ടാകുന്ന അസ്വസ്ഥതയാണ് മൊബൈൽ ഫോൺ ഫിംഗേഴ്സ്. വിരലുകൾക്ക് തളർച്ച, മുറുക്കം, പേശീവലിവ് എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ. സ്മ്‌മാർട്ട് ഫോണിൽ നിരന്തരം സ്ക്രോളിങ്, ടച്ചിങ്, ടൈപ്പിങ് എന്നിവ ചെയ്യുന്നതും ഒരുപാട് നേരം ഫോൺ കൈയിൽ പിടിക്കുന്നതുമെല്ലാം ഈ അവസ്ഥയ്ക്ക് കാരണമാകുന്നു. താനും ഇത്തരം രോഗവസ്ഥയിൽ ബുദ്ധിമുട്ടി എന്നാണ് മാധവൻ ഇപ്പോൾ തുറന്ന് പറഞ്ഞിരിക്കുന്നത്.