എന്‍റെ ഹീറോ, ജന്മദിനാശംസകൾ നേരുന്നു: പിറന്നാൾ കുറിപ്പുമായി ദുല്‍ഖര്‍

കൊച്ചി: മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന് മകനും നടനുമായ ദുല്‍ഖര്‍ സല്‍മാന്‍. തന്‍റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് ദുല്‍ഖര്‍ പിതാവിനൊപ്പമുള്ള ചിത്രത്തിനൊപ്പം ആശംസകള്‍ അറിയിച്ചത്.

"ഏറ്റവും നല്ല സുഹൃത്തുക്കൾ ഒരുമിച്ചുള്ള ഫോട്ടോകളൊന്നും ഇല്ലെന്ന് വൈകിയാണ് ഞാൻ മനസ്സിലാക്കിയത്. അവര്‍ ഒന്നിച്ചുള്ള നിമിഷങ്ങള്‍ അമൂല്യവും രസകരവുമായിരിക്കും അവിടെ ഒരു സെല്‍ഫിക്കായി പാഴാക്കേണ്ട സമയം പോലും കാണില്ല. രസകരമായ കാര്യം ഓരോ വർഷവും താങ്കളുടെ പിറന്നാൾ ദിനത്തിൽ പോസ്റ്റ് ചെയ്യുന്നതിനായി ഞങ്ങൾ ഫോട്ടോകൾ എടുക്കുന്നത് പതിവാണ്.

എങ്കിലും ഞങ്ങളുടെ രണ്ട് ഫോണുകളിലും നമ്മുടെ രണ്ടുപേരുടെയും മാത്രം ചിത്രങ്ങൾ ഉള്ളതായി തോന്നുന്നില്ല. പക്ഷെ അത് എന്തുകൊണ്ടാണെന്ന് ഇപ്പോൾ ഞാൻ മനസ്സിലാക്കാനും സ്നേഹിക്കാനും തുടങ്ങിയിരിക്കുന്നു. എന്‍റെ ബെസ്റ്റി, എന്‍റെ ഹീറോ, എന്‍റെ പിതാവിന് ജന്മദിനാശംസകൾ നേരുന്നു" - ദുല്‍ഖറിന്‍റെ പിറന്നാള്‍ സന്ദേശത്തില്‍ പറയുന്നു.

ജന്മദിനത്തിനോട് അനുബന്ധിച്ച് പതിവുപോലെ മമ്മൂട്ടിയുടെ എറണാകുളത്തെ വീടിന് മുന്നില്‍ ഇത്തവണയും അര്‍ധരാത്രിയോടെ ആരാധകര്‍ കൂടിയിരുന്നു. കേക്ക് മുറിച്ചും പൂത്തിരി കത്തിച്ചും ആഹ്ലാദം പങ്കുവച്ച ആരാധക കൂട്ടത്തോട് വീഡിയോ കോളിലൂടെ മമ്മൂട്ടിയും സംവദിച്ചു. ദുല്‍ഖറിന്‍റെ ചെന്നൈയിലെ വീട്ടിലായിരുന്നു മമ്മൂട്ടി. അവിടെ വെച്ച് നടന്ന പിറന്നാൾ ആഘോഷത്തിന്റെ വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ തരംഗമാണ്.

Related Articles
Next Story