‘സെൻസർ ബോർഡിന്റെ നിർദേശം യുക്തിരഹിതം'; കങ്കണ റനൗട്ട്
മുംബൈ: താൻ സംവിധാനം ചെയ്ത ‘എമർജൻസി’ സിനിമയിൽ നിന്ന് 13 ഭാഗങ്ങൾ ഒഴിവാക്കണമെന്ന സെൻസർ ബോർഡിന്റെ നിർദേശം യുക്തിരഹിതമാണെന്ന് ബിജെപി എംപിയും സിനിമയിലെ നായികയും നിർമാണ പങ്കാളിയുമായ കങ്കണ റനൗട്ട്. ഇത് അംഗീകരിക്കാനാകില്ലെന്നും പ്രധാന ഭാഗങ്ങളെല്ലാം എഡിറ്റ് ചെയ്ത് ഒഴിവാക്കി, സിനിമയുടെ ആത്മാവ് നഷ്ടപ്പെടുത്താൻ ഒരുക്കമല്ലെന്നും അവർ പറഞ്ഞു.
സിനിമയിൽ ഇന്ദിരാഗാന്ധിയുടെ റോൾ അഭിനയിക്കുന്നത് കങ്കണയാണ്. റിലീസ് വൈകിപ്പിക്കാനാണ് സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് തടയുന്നതെന്ന് കങ്കണ നേരത്തേ ആരോപിച്ചിരുന്നു. ഹരിയാന തിരഞ്ഞെടുപ്പ് മുന്നിൽകണ്ടാണ് സിനിമയുടെ പ്രദർശനാനുമതി തടഞ്ഞുവയ്ക്കുന്നതെന്ന് സഹനിർമാതാക്കളായ സീ എന്റർടെയ്ൻമെന്റും ആരോപിച്ചിരുന്നു.
സിനിമ ഈ മാസം 6ന് റിലീസ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. സിഖ് വിഭാഗത്തെ മോശമായി ചിത്രീകരിക്കുന്നെന്നും ചരിത്രവിരുദ്ധമായ കാര്യങ്ങൾ അവതരിപ്പിക്കുന്നെന്നും അറിയിച്ച് ശിരോമണി അകാലി ദൾ അടക്കമുള്ള സംഘടനകളും സിനിമയ്ക്കെതിരെ രംഗത്തു വന്നിരുന്നു.