ചലച്ചിത്ര പ്രവർത്തകരുടെ കുടുംബസംഗമം നാളെ

കൊച്ചി : മലയാളം സിനി ടെക്നീഷ്യൻസ് അസോസിയേഷൻ എന്ന 'മാക്ട'യുടെ മുപ്പതാം വാർഷികം സെപ്റ്റംബർ ഏഴിന് എറണാകുളം ടൗൺഹാളിൽ വച്ച് നടക്കും. രാവിലെ 9.30 ന് മാക്ടയുടെ മുതിർന്ന അംഗവും സംവിധായകനുമായ ജോഷി പതാക ഉയർത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാകും. ചലച്ചിത്രതാരം അപർണ ബാലമുരളി ചടങ്ങിന് ഭദ്രദീപം തെളിയിക്കും. തുടർന്ന് വിദ്യാർത്ഥികളും ചലച്ചിത്ര ആസ്വാദകരുമായി ചേർന്ന് സിമ്പോസിയം നടക്കും. തിരക്കഥാകൃത്തുക്കളായ ശ്യാം പുഷ്കരൻ ,സഞ്ജയ് ബോബി ,സംവിധായൻ ജൂഡ് ആന്റണി ജോസഫ്, ഫാദർ അനിൽ ഫിലിപ്പ് ,പ്രമുഖ സഞ്ചാരസാഹിത്യകാരൻ സന്തോഷ് ജോർജ് കുളങ്ങര, ഭാഗ്യലക്ഷ്മി എന്നിവർ പങ്കെടുക്കും. ഡോക്ടർ അജു കെ നാരായണൻ മോഡറേറ്റർ ആയിരിക്കും. ഉച്ചയ്ക്ക് രണ്ടുമണിമുതൽ മാക്ട കുടുംബ സംഗമം നടക്കും.

അംഗങ്ങളുടെ കലാപരിപാടികൾ ,മത്സരങ്ങൾ എന്നിവ ഉണ്ടായിരിക്കും. വൈകിട്ട് 5 മണി മുതൽ പ്രധാന ചടങ്ങുകൾ ആരംഭിക്കും. അഭിമാനപുരസ്കാരമായ മാക്ട ലെജൻഡ് ഓണർ പുരസ്കാരം ശ്രീകുമാരൻ തമ്പിക്ക് സമ്മാനിക്കും. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ രൂപകല്പന ചെയ്ത ശില്പവും പ്രശംസാപത്രവുമാണ് സമ്മാനിക്കുക. തുടർന്ന് മാക്ടയുടെ ഫൗണ്ടർ മെമ്പർമാരായ ജോഷി ,കലൂർ ഡെന്നിസ്, എസ്. എൻ. സ്വാമി ,ഷിബു ചക്രവർത്തി ,ഗായത്രി അശോക് ,രാജീവ് നാഥ് ,പോൾ ബാബു ,റാഫി ,മെക്കാർട്ടിൻ എന്നിവരെ ആദരിക്കും. 24 ഗായകർ ഒന്നിക്കുന്ന സംഗീതസന്ധ്യ, ചലച്ചിത്രതാരം സ്വാസികയും മണിക്കുട്ടനും അവതരിപ്പിക്കുന്ന നൃത്ത നൃത്യങ്ങൾ , സ്റ്റാൻഡ് അപ്പ് കോമഡി , മാക്ട അംഗങ്ങൾ അവതരിപ്പിക്കുന്ന കോമഡി സ്കിറ്റ് എന്നിവ ഉണ്ടായിരിക്കും. മാക്ട @30എന്ന നാമകരണം ചെയ്തിരിക്കുന്ന ഈ വാർഷിക സമ്മേളനത്തിൽ 'മാക്ട ചരിത്രവഴികളിലൂടെ 'എന്ന ഡോക്യുമെന്ററിയും ശ്രീകുമാരൻ തമ്പിയെക്കുറിച്ചുള്ള ലഘുചിത്രവും പ്രദർശിപ്പിക്കും

Related Articles
Next Story