ആദ്യത്തെ ക്ഷണക്കത്ത് നീലു അമ്മയ്ക്ക്; കല്യാണം വിളി ആരംഭിച്ച് മുടിയൻ
ഏതൊക്കെ സിനിമകൾ ചെയ്താലും സീരിയലുകൾ ചെയ്താലും ഷോകൾ ചെയ്താലും മലയാളികൾക്ക് റിഷി എസ് കുമാർ എപ്പോഴും ഉപ്പും മുളകിലെ മുടിയനാണ്. ഡാൻസറായ മുടിയൻ റിയാലിറ്റി ഷോകളിലൂടെ മലയാളികൾക്ക് സുപരിചിതനായിരുന്നുവെങ്കിലും ഉപ്പും മുളകിൽ ബാലുവിന്റെയും നീലുവിന്റെയും മകനായി അഭിനയിച്ച് തുടങ്ങിയശേഷമാണ് താരത്തെ ആരാധകർ ഏറ്റെടുത്തത്. എന്നാൽ കഴിഞ്ഞ കുറച്ച് കാലങ്ങളായി റിഷി ഉപ്പും മുളകിൽ നിന്നും വിട്ടുനിൽക്കുകയാണ്. മുടിയന്റെ തിരിച്ചുവരവ് ആരാധകരും ആഗ്രഹിക്കുന്നുണ്ട്.
സിറ്റ്കോമിൽ നിന്നും പിന്മാറിയെങ്കിലും ഉപ്പും മുളകും ടീമിലെ എല്ലാവരുമായും അടുത്ത സൗഹൃദം റിഷി സൂക്ഷിക്കുന്നുണ്ട്. അടുത്തിടെ ഉപ്പും മുളകിന്റെ ഷൂട്ടിങ് സെറ്റിലെത്തിയ റിഷിയുടെ ഫോട്ടോ വൈറലായിരുന്നു. താരം വീണ്ടും ഷൂട്ടിങിന് ജോയിൻ ചെയ്തു എന്നാണ് ആരാധകരും കരുതിയിരുന്നത്.
എന്നാൽ സത്യം അതായിരുന്നില്ല. പ്രിയപ്പെട്ടവരെ വിവാഹം ക്ഷണിക്കാൻ വേണ്ടിയാണ് റിഷി ഉപ്പും മുളകും സെറ്റിലെത്തിയത്. കഴിഞ്ഞ ദിവസമായിരുന്നു റിഷി തന്റെ പ്രണയം പരസ്യമാക്കിയത്. ആദ്യം പ്രണയിനിയുടെ മുഖം കാണിക്കാതെയായിരുന്നു റിഷി വീഡിയോ പങ്കുവെച്ചത്. ആരാണ് ആ പെൺകുട്ടിയെന്നായിരുന്നു എല്ലാവരും ചോദിച്ചത്. പിന്നാലെ പെൺകുട്ടിയാരാണെന്ന് വെളിപ്പെടുത്തി റിഷി എത്തി.
ആറ് വർഷത്തോളമായി റിഷിയുടെ സുഹൃത്തായിരിക്കുന്ന ഐശ്വര്യ ഉണ്ണിയാണ് വധു. സീരിയൽ താരം, ഡാൻസർ, മോഡൽ എന്നീ ടാഗുകളിലെല്ലാം പ്രശസ്തയായ ഐശ്വര്യ ഡോക്ടറുമാണ്. ഐശ്വര്യയെ സിനിമാ സ്റ്റൈലിൽ പ്രപ്പോസ് ചെയ്യുന്ന റിഷിയുടെ വീഡിയോ വൈറലായിരുന്നു. ഇപ്പോഴിതാ വിവാഹ തിയ്യതി അടുക്കുന്നതിനാൽ അതിന്റെ ഓട്ടപ്പാച്ചിലിലാണ് റിഷിയും അമ്മയും സഹോദരങ്ങളുമെല്ലാം.
എന്റെയും പാറുവിന്റെയും കല്യാണത്തീയതി നിശ്ചയിച്ചു. കല്യാണം കഴിക്കാനുള്ള പ്രായമായോ എന്നായിരിക്കും നിങ്ങൾ വിചാരിച്ചത്. യെസ്... ഗൈസ് എനിക്ക് കല്യാണം കഴിക്കാൻ സമയമായെന്ന് പറഞ്ഞാണ് റിഷി പറഞ്ഞത്. വിവാഹം റിഷി ക്ഷണിച്ച് തുടങ്ങിയത് ഉപ്പും മുളകിൽ താരത്തിന്റെ അമ്മയായി വേഷമിട്ടിരുന്ന നിഷാ സാരംഗിന്റെ വീട്ടിൽ നിന്നുമാണ്. അമ്മയെ തന്നെ ആദ്യം വിവാഹം ക്ഷണിക്കണമെന്നത് റിഷിയുടെ വലിയ ആഗ്രഹമായിരുന്നു.
നിഷയുടെ അനുഗ്രഹം വാങ്ങി റിഷി ഇറങ്ങിയപ്പോൾ സന്തോഷവും സങ്കടവും തോന്നുന്നുവെന്നാണ് നിഷ പറഞ്ഞത്. കല്യാണം കഴിഞ്ഞാലെങ്കിലും കളസം മാറ്റുമോ എന്നൊക്കെ റിഷിയുടെ ഷോർട്സിനെ കളിയാക്കി നിഷ ചോദിച്ചു. വിവാഹത്തിന് പോലും ഷോർട്സിട്ടാലോയെന്ന് ആലോചിക്കുന്നുവെന്നായിരുന്നു റിഷിയുടെ മറുപടി. പിന്നീട് സീരിയലിൽ റിഷിയുടെ അനിയത്തിയായി അഭിനയിച്ചിരുന്ന ശിവാനിയുടെ വീട്ടിലേക്കാണ് പോയത്.
ശേഷം ബിഗ് ബോസിൽ റിഷിയുടെ ഉറ്റ ചങ്ങാതിയായിരുന്ന നടി അൻസിബയേയും കുടുംബത്തേയും വിവാഹം ക്ഷണിച്ചു. പിന്നീടാണ് ഉപ്പും മുളകു സെറ്റിലേക്ക് റിഷി പോയത്. മുടയിനെ കണ്ടതും ആദ്യം ഓടി എത്തിയത് പാറുക്കുട്ടിയായിരുന്നു. ഏറെ നാളുകൾക്കുശേഷമാണ് പാറുവിനെ നേരിട്ട് കാണുന്നതെന്നും എനിക്ക് ഒറ്റയ്ക്ക് പണിയെടുത്ത് മടുത്തു ചേട്ടനെപ്പോഴാണ് വരുന്നതെന്ന് പാറുക്കുട്ടി ഇടയ്ക്ക് ചോദിക്കാറുണ്ടെന്നും മുടിയൻ പറഞ്ഞു.
ശേഷം ബിജു സോപാനത്തിനാണ് മുടിയൻ ക്ഷണക്കത്ത് നൽകിയത്. കുടുംബത്തിന്റെ പാരമ്പര്യം കാത്ത് സൂക്ഷിക്കണം... മിനിമം അഞ്ച് പിള്ളേരെങ്കിലും വേണമെന്നായിരുന്നു ബിജു മുടിയന് നൽകിയ ഉപദേശം. വീഡിയോ വൈറലായതോടെ പ്രേക്ഷകരുടെ എല്ലാം കണ്ണ് നിറയിച്ചത് റിഷിയും പാറുക്കുട്ടിയും തമ്മിലുള്ള സ്നേഹപ്രകടനമായിരുന്നു. വെറും മാസങ്ങൾ മാത്രം പ്രായമുള്ളപ്പോൾ മുതൽ പാറുക്കുട്ടി റിഷിയെ കണ്ട് തുടങ്ങിയതാണ്.