അച്ഛനെ വിലക്കിയവരിൽ ഗണേഷ് കുമാറും; ഗുരുതര ആരോപണവുമായി നടൻ ഷമ്മി തിലകൻ

കൊച്ചി: ഹേമ കമ്മീഷൻ റിപ്പോർട്ട് വലിയ ചർച്ചകൾക്ക് വഴിതുറന്നതിനു പിന്നാലെ മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണവുമായി ഷമ്മി തിലകൻ. അച്ഛനെ വിലക്കിയവരിൽ ഗണേഷ് കുമാറും ഉൾപ്പെടും എന്ന് ഷമ്മി തിലകൻ ‌പറഞ്ഞു.

പ്രമുഖ നടനെ ഇൻഡസ്ട്രിയിലെ 15 പേർ ചേർന്ന് ഒതുക്കി എന്നാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നത്. തുടർന്ന് അദ്ദേഹത്തിന് സീരിയലിൽ അഭിനയിക്കേണ്ടി വന്നു. എന്നാൽ ഇൻഡസ്ട്രിയിലെ മാഫിയ സംഘത്തിന്റെ കയ്യിൽ നിന്ന് രക്ഷപ്പെടാൻ അദ്ദേഹത്തിനായില്ല. ആ സമയത്തെ ടെലിവിഷൻ താരങ്ങളുടെ സംഘടനയായ ആത്മയുടെ പ്രസിഡന്റ് ഒരു സിനിമ താരമായിരുന്നു എന്നാണ് റിപ്പോർട്ടിലുള്ളത്.

വിലക്ക് നേരിടേണ്ടിവന്ന നടൻ തന്റെ അച്ഛനാണെന്ന് ഷമ്മി പറഞ്ഞു. റിപ്പോർട്ടിൽ പറയുന്ന ആത്മയുടെ പ്രസിഡന്റ് കെ ബി ഗണേഷ് കുമാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആത്മ രൂപീകരിക്കപ്പെട്ടതു മുതൽ ഗണേഷാണ് പ്രസിഡന്റ് എന്ന് ഷമ്മി തിലകൻ വ്യക്തമാക്കി.

റിപ്പോർട്ടിൽ പറഞ്ഞത് ശരിയാണ്. മലയാളം സിനിമയെ നിയന്ത്രിക്കുന്ന 15 പേർക്കൊപ്പം ചേർന്ന് തിലകനെ സീരിയലിൽ നിന്നുപോലും ഒഴിവാക്കാൻ ഗണേഷ് കുമാർ പ്രവർത്തിച്ചു. അമ്മയുടെ മീറ്റിങ്ങിൽ പ്രമുഖ താരം തിലകനെ ആക്ഷേപിക്കുകയും അദ്ദേഹത്തോട് ഒച്ചവെക്കുകയും ചെയ്തു. ഗുരുതരമായി ആശുപത്രിയിൽ കിടന്ന സമയത്ത് അതേ താരം അച്ഛനെ കാണാൻ എത്തിയിരുന്നു. തിലകൻ തന്റെ ബാപ്പയെ പോലെയാണ് എന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്.

അച്ഛന്റെ മരണശേഷം തിലകനെ അധിക്ഷേപിച്ചതിനെക്കുറിച്ച് ഞാൻ അമ്മ എക്‌സിക്യൂട്ടീവിൽ പറഞ്ഞു. അമ്മയുടെ അപ്പോഴത്തെ പ്രസിഡന്റായിരുന്ന മോഹൻലാൽ പറഞ്ഞത്, കമ്മിറ്റി പ്രശ്‌നം പരിഗണിക്കുമെന്നും തിലകൻ ചേട്ടന് നീതി ലഭിക്കുമെന്നുമാണ്. പ്രശ്‌നം വിലയിരുത്താൻ കമ്മിറ്റി രൂപീകരിക്കണമെന്ന് ഞാൻ ആവശ്യപ്പെട്ടു. എന്നാൽ ഒന്നും സംഭവിച്ചില്ല. പിന്നീട് ഒരു മുതിർന്ന നടൻ എന്നോട് പറഞ്ഞത് തിലകനോട് ക്ഷമാപണം നടത്തുന്നത് അവരുടെ പ്രതിച്ഛായയെ ബാധിക്കും എന്നാണ് ഷമ്മി തിലകൻ പറഞ്ഞു.

Related Articles
Next Story