ജീവന് ഭീഷണി പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഗൗതമി

ജീവന് ഭീഷണി നേരിടുന്നതായി പോലീസിൽ പരാതി നൽകി

നടിയും രാഷ്ട്രീയ പ്രവർത്തകയുമായ ഗൗതമി. തന്റെ ജീവന് ഭീഷണിയുണ്ടെന്നു ചൂണ്ടിക്കാട്ടി തനിക്ക് സംരക്ഷണം നൽകണം എന്ന് ചെന്നെ പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയിരിക്കുകയാണ് ഗൗതമി. സ്വത്ത് തർക്കവുമായി ബന്ധപ്പെട്ടാണ് തനിക്ക് ഭീഷണികൾ വരുന്നതെന്ന് നടി നൽകിയ പരാതിയിൽ പറയുന്നു. തുടർച്ചയായി തനിക്ക് നേരെ ഭീഷണികൾ ഉണ്ടാകാറുണ്ടെന്നാണ് ഗൗതമിയുടെ പരാതി. ഇതേ തുടർന്നുണ്ടായ ആശങ്കയിലാണ് പോലീസിൽ പരാതി നൽകാൻ തീരുമാനിച്ചത്, തൻ്റെ സുരക്ഷ ഉറപ്പാക്കാൻ പൊലീസ് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ഗൗതമി അഭ്യർത്ഥിക്കുന്നത്.

ചെന്നൈയിലെ നീലങ്കരൈയിലുള്ള ഗൗതമിയുടെ ഒൻപത് കോടി രൂപ വിലമതിക്കുന്ന സ്വത്തുമായി ബന്ധപ്പെട്ട തർക്കം നടന്നു കൊണ്ടിരിക്കുകയാണ്. ഈ വസ്തു അനധികൃതമായി അഴകപ്പൻ എന്ന വ്യക്തി കൈക്കലാക്കിയെന്ന് ആരോപിച്ച് ഗൗതമി നേരത്തെ പരാതി നൽകിയിരുന്നു. പിന്നാലെ കോടതി നിർദ്ദേശപ്രകാരം തകർക്കഭൂമി സീൽ ചെയ്യുകയും ചെയ്‌തു. ഈ പ്രശ്‌നമാണ് ഇപ്പോൾ ഗൗതമിയെ ഭീഷണിപ്പെടുത്തുന്നതുവരെ എത്തി നിൽക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

തന്റെ ഭൂമിയിലെ കയ്യേറ്റങ്ങൾ ഒഴിവാക്കാൻ ചില ഉദ്യോഗസ്ഥർ കൈക്കൂലി ആവശ്യപ്പെട്ടെന്നും ഗൗതമി പരാതിയിൽ ആരോപിക്കുന്നു. കൂടാതെ അഭിഭാഷകാണെന്ന് പറഞ്ഞ് പരിചയപ്പെടുത്തിയവർ തന്നെ ഭീഷണിപ്പെടുത്തുന്നെന്നും ഇന്ത്യ ഗ്ലിറ്റ്സ് തമിഴിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ചിലർ തനിക്കെതിരെ പ്രതിഷേധത്തിന് പദ്ധതിയിടുന്നുണ്ടെന്നും അത് തന്നെ അപായപ്പെടുത്താനുള്ള പദ്ധതിയുടെ ഭാഗമാണെന്ന് സംശയിക്കുന്നതായും നടി പരാതിയിൽ പറയുന്നു.

Related Articles
Next Story