'ഈ മനുഷ്യനൊപ്പം ഒരു ഫോട്ടോയെങ്കിലും ഷെയർ ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷം':
ചിത്രം പങ്കു വച്ച് വിജയ് സേതുപതി

തരുൺ മൂർത്തി സംവിധാനം ചെയ്ത 'തുടരും' എന്ന ചിത്രത്തിൽ മോഹൻലാലിനൊപ്പം തന്റെ സാന്നിധ്യം അടയാളപ്പെടുത്താൻ സാധിച്ചതിലെ സന്തോഷം പങ്കു വച്ച് വിജയ് സേതുപതി. ചിത്രത്തിന്റെ ഒരു ഭാഗത്ത് മോഹൻലാലിനൊപ്പം വിജയ് സേതുപതി കൂടി ഉള്ള ഒരു ഫോട്ടോ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇത് പങ്കു വച്ച് കൊണ്ടാണ് വിജയ് സേതുപതി തന്റെ സന്തോഷം ആരാധകരെ അറിയിച്ചത്. ' 'ഈ മനുഷ്യനൊപ്പം ഒരു ഫോട്ടോയിലെങ്കിലും നിൽക്കാൻ കഴിഞ്ഞല്ലോ എന്നാണ് സേതുപതി ചിത്രത്തിന് ഒപ്പം കുറിച്ചത്. ഇതേ ചിത്രം നേരത്തെ തന്നെ മോഹൻ ലാൽ സോഷ്യൽ മീഡിയയിൽ പങ്കു വച്ചിരുന്നു.
തുടരും എന്ന ചിത്രത്തിലെ സർപ്രൈസ് സാന്നിധ്യമായിരുന്നു വിജയ് സേതുപതി. സിനിമയുടെ ടൈറ്റിൽ ഗാനത്തിലാണ് വിജയ് സേതുപതിയും മോഹൻലാലും ഒരുമിച്ചുള്ള രംഗങ്ങൾ വരുന്നത്. ഫ്രെയിം ചെയ്‌തിരിക്കുന്ന ചിത്രരൂപത്തിലാണ് ഇത് കാണിച്ചിരിക്കുന്നത്. സിനിമയിൽ മോഹൻലാൽ അവതരിപ്പിക്കുന്ന ഷൺമുഖം എന്ന കഥാപാത്രത്തിൻ്റെ ഭൂതകാലം പരിചയപ്പെടുത്തുന്ന ചിത്രങ്ങളിലൊന്നാണ് താരം പുറത്തുവിട്ടത്. വിജയ് സേതുപതി അവതരിപ്പിക്കുന്ന അൻപ് എന്ന കഥാപാത്രത്തിന്റെ അദ്യശ്യസാന്നിധ്യം ചിത്രത്തിന്റെ പലഭാഗങ്ങളിലുമുണ്ട്.
ചിത്രത്തിലെ 'കഥ തുടരും' എന്ന ഗാനത്തിലെ വരികൾക്കൊപ്പമാണ് ഇതേ ചിത്രം മോഹൻലാൽ ഷെയർ ചെയ്‌തത്. ഹാർനസ് ധരിച്ച് സ്റ്റണ്ട് രംഗത്തിന്റെ ചിത്രീകരണത്തിന് തയ്യാറായി നിൽക്കുന്ന മോഹൻലാലിൻറെ ഷൺമുഖനാണ് ചിത്രത്തിലുള്ളത്. ഒപ്പം സ്റ്റണ്ട് മാസ്റ്ററായ ഭാരതിരാജയുടെ പഴനിസ്വാമി എന്ന കഥാപാത്രത്തേയും വിജയ് സേതുപതി അവതരിപ്പിച്ച ഷൺമുഖൻ്റെ സുഹൃത്ത് അൻപിനേയും ചിത്രത്തിൽ കാണാം. പോസ്റ്റ് ചെയ്‌ത് കുറച്ചുസമയത്തിനകം ചിത്രം വൈറലായി.
'തുടരും' കളക്ഷൻ റെക്കോർഡുകൾ തിരുത്തിക്കുറിച്ചുകൊണ്ട് തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഒരു നീണ്ട ഇടവേളക്ക് ശേഷം വീണ്ടും ഒരു കുടുംബ വേഷത്തിൽ മോഹൻലാലിനെ കണ്ട സന്തോഷത്തിലാണ് ആരാധകർ. 'ഇതാണ് ഞങ്ങടെ ലേലേട്ടൻ' എന്നാണ് സിനിമ കണ്ടിറങ്ങിയ ഓരോരുത്തരും പറയുന്നത്.