ഹാരിപോര്‍ട്ടറിലെ പ്രഫ.മിനര്‍വ മക്‌ഗൊനാഗലിൻ ഇനി ഓർമ്മ; നടി മാഗി സ്മിത്ത് അന്തരിച്ചു
ലണ്ടന്‍: ഹോളിവുഡ് നടി മാഗി സ്മിത്ത് (89) അന്തരിച്ചു. ലണ്ടനിലെ ആശുപത്രിയിലായിരുന്നു അന്ത്യമെന്ന് കുടുംബം അറിയിച്ചു. ഹാരിപോര്‍ട്ടര്‍ സിനിമാ സീരിസിലെ പ്രഫസര്‍ മിനര്‍വ മക്‌ഗൊനാഗല്‍ എന്ന കഥാപാത്രം മാഗി സ്മിത്തിന് ലോകമെമ്പാടും ആരാധകരെ നേടികൊടുത്തു. രണ്ടു തവണ ഓസ്കർ പുരസ്കാരം നേടിയിട്ടുണ്ട്. മാഗി സ്മിത്തിന്റെ വേർപാടിൽ ബ്രിട്ടിഷ് പ്രധാനമന്ത്രി കിയേർ സ്റ്റാമെർ അനുശോചനം രേഖപ്പെടുത്തി.
‘‘വളരെ ദുഃഖത്തോടെ മാഗി സ്മിത്തിന്റെ വിയോഗവാർത്ത അറിയിക്കുന്നു. വെള്ളിയാഴ്ച രാവിലെ ആശുപത്രിയിലായിരുന്നു അന്ത്യം’’– മക്കളായ ക്രിസ് ലാര്‍ക്കിനും ടോബി സ്റ്റീഫൻസും വാർത്താക്കുറിപ്പിൽ പറഞ്ഞു. വ്യത്യസ്തമായ അഭിനയരീതിയിലൂടെ സിനിമാ സ്നേഹികളുടെ മനസ്സിൽ ഇടംനേടിയ പ്രതിഭയായിരുന്നു മാഗി സ്മിത്ത്. ബ്രിട്ടിഷ് ചരിത്ര ടെലിവിഷന്‍ പരമ്പരയായ ഡൗണ്ടണ്‍ ആബിയിലെ കഥാപാത്രം പ്രേക്ഷക ശ്രദ്ധ നേടി. 1969ല്‍ പുറത്തിറങ്ങിയ ‘ദ പ്രൈം ഓഫ് മിസ് ജീന്‍ ബ്രോഡിക്’ എന്ന ചിത്രത്തിലെ അഭിനയത്തിന് മാഗി സ്മിത്തിന് മികച്ച നടിക്കുള്ള ഓസ്‌കര്‍ പുരസ്‌കാരം ലഭിച്ചു. 1978ല്‍ പുറത്തിറങ്ങിയ കാലിഫോര്‍ണിയ സൂട്ട് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള ഓസ്‌കര്‍ പുരസ്‌കാരം ലഭിച്ചു.
1934 ഡിസംബര്‍ 28ന് ഇംഗ്ലണ്ടിലെ ഇല്‍ഫോര്‍ഡിൽ ജനനം. 1952ൽ അഭിനയരംഗത്തേക്ക് എത്തി. നാടകങ്ങളിലൂടെയായിരുന്നു തുടക്കം. 1956ൽ ആദ്യസിനിമയിൽ അഭിനയിച്ചു. ലോറന്‍സ് ഒലിവിയര്‍ ‘ഒഥല്ലോയിൽ’ പ്രധാന വേഷം നൽകി. പിന്നീട് ഇത് സിനിമയായപ്പോൾ അവർക്ക് അക്കൗദമി നോമിനേഷൻ ലഭിച്ചു. ഹാരിപോർട്ടർ സിനിമയിലെ വേഷം യുവതലമുറയ്ക്ക് മുന്നിൽ മാഗി സ്മിത്തിനെ ശ്രദ്ധേയയാക്കി.