പെട്ടന്നൊരു സ്‌ട്രോക്ക് ഉണ്ടായി, കൃത്യസമയത്ത് ആശുപത്രിയിൽ എത്തിച്ചതിനാൽ ആപത്ത് ഒഴിവായി: ശ്രീകുമാരൻ തമ്പി
തനിക്ക് പെട്ടന്ന് ഹൃദയാഘാതമുണ്ടായെന്നും ആശുപത്രിയിലായിരുന്നെന്നും വ്യക്തമാക്കി കവിയും ഗാനരചയിതാവും സംവിധായകനും സംഗീത സംവിധായകനുമായ ശ്രീകുമാരൻ തമ്പി. തക്കസമയത്ത് ആശുപത്രിയിൽ എത്തിച്ചതിനാൽ അത്യാപത്ത് ഒഴിവായയെന്നും അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഇക്കാര്യം അദ്ദേഹം അറിയിച്ചത്. പരിപൂർണ വിശ്രമത്തിലായതിനാൽ സഹോദരിയെപ്പോലെ കരുതിയിരുന്ന കവിയൂർ പൊന്നമ്മയുടെ മരണത്തിൽ പോലും പ്രതികരിക്കാൻ സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പ്:
അറിയാതെ വന്ന അതിഥി
സെപ്റ്റംബർ ഒമ്പതാം തീയതി രക്തസമ്മർദ്ദം വളരെ കൂടിയതിനാൽ എനിക്ക് ഒരു ചെറിയ സ്‌ട്രോക്ക് ഉണ്ടായി. തക്കസമയത്ത് എന്നെ ആശുപത്രിയിൽ എത്തിച്ചതുകൊണ്ട് അത്യാപത്ത് ഒഴിവായി. ഒരാഴ്ചയോളം കിംസ് ഹെൽത്ത് ഐ.സി.യൂവിൽ ചികിത്സയിൽ ആയിരുന്നു. ഇനി ഒരു മാസത്തോളം പരിപൂർണ്ണവിശ്രമം ആവശ്യമാണ്. എന്നെ രക്ഷിച്ച തിരുവനന്തപുരം കിംസ് ഹെൽത്ത് ന്യൂറോളജി വിഭാഗത്തിലെ വിദഗ്ദ്ധരായ ഭിഷഗ്വരന്മാർക്കും എന്നെ പരിചരിച്ച നഴ്സുമാർക്കും നന്ദി പറയാൻ വാക്കുകളില്ല.
ഞാൻ ഐ.സി.യു.വിൽ എത്തിയെന്നറിഞ്ഞപ്പോൾ തന്നെ എന്നെ കാണാനെത്തിയ കിംസ് ഹെൽത്തിന്റെ ചെയർമാൻ ഡോക്ടർ സഹദുള്ളയോടും കടപ്പാടുണ്ട്. കുറെ ദിവസങ്ങളായി ഞാൻ എന്റെ മൊബൈൽ , ലാപ്‌ടോപ്പ് എന്നിവ ഉപയോഗിക്കുന്നില്ല. എനിക്കു വരുന്ന ഫോൺ കാളുകൾക്കും ഓണ ആശംസകൾ അടക്കമുള്ള മെസ്സേജ്, മെയിൽ തുടങ്ങിയവയ്ക്കും മറുപടി ലഭിക്കാതെ സുഹൃത്തുക്കളും ആരാധകരും തെറ്റിദ്ധരിക്കരുതെന്നു കരുതിയാണ് എന്റെ സുഹൃത്തിന്റെ സഹായത്തോടെ ഞാൻ ഈ പോസ്റ്റ് ഇടുന്നത്.
ഞാൻ സഹോദരിയെപോലെ കരുതിയിരുന്ന കവിയൂർ പൊന്നമ്മയുടെ മരണത്തിൽ പോലും എനിക്ക് ഒന്നും പ്രതികരിക്കാൻ സാധിച്ചില്ല. എന്റെ ഇപ്പോഴത്തെ അവസ്ഥ മനസ്സിലാക്കി സഹകരിക്കാൻ ബന്ധപ്പെട്ട എല്ലാവരോടും അഭ്യർത്ഥിക്കുന്നു. ഈ വിശ്രമം ഇപ്പോൾ എനിക്ക് അത്യാവശ്യമാണ്.