ബജറ്റ് ഇരട്ടിയായെന്ന് പറഞ്ഞ് പറ്റിച്ചു, പണത്തിന്റെ കണക്ക് നൽകിയില്ല; ആർഡിഎക്‌സ് നിർമ്മാതാക്കൾക്കെതിരെ കേസ്

‘ആർഡിഎക്‌സ്’ സിനിമയുടെ നിർമ്മാതാക്കൾക്കെതിരെ പൊലീസ് കേസ് എടുത്തു. വീക്കെൻഡ് ബ്ലോക്ബസ്‌റ്റേഴ്‌സിന്റെ സോഫിയ പോൾ, ജെയിംസ് പോൾ എന്നിവർക്കെതിരെ തൃപ്പൂണിത്തുറ പൊലീസ് ആണ് കേസ് എടുത്തത്. തൃപ്പൂണിത്തുറ സ്വദേശി അഞ്ജന അബ്രഹാമിന്റെ പരാതിയിലാണ് കേസ്.

ചിത്രത്തിന്റെ നിർമ്മാണത്തിനായി 6 കോടി രൂപ അഞ്ജന അബ്രഹാം നൽകിയിരുന്നു. തൃപ്പൂണിത്തുറ മജിസ്ട്രേട്ട് കോടതിയുടെ നിർദേശ പ്രകാരമാണ് നടപടി. വഞ്ചന, ഗൂഢാലോചന കുറ്റം എന്നിവ ചുമത്തിയാണ് നിർമാതാക്കൾക്കെതിരെ കേസ് എടുത്തിരിക്കുന്നത്.

സിനിമ 100 കോടിയിലേറെ രൂപ വരുമാനം നേടിയിട്ടും വാഗ്ദാനം ചെയ്ത ലാഭവിഹിതം നൽകിയില്ല എന്നാണ് അഞ്ജനയുടെ പരാതി. വ്യാജ രേഖകൾ ഉണ്ടാക്കി നിർമാണ ചിലവ് ഇരട്ടിയിലേറെയായി പെരുപ്പിച്ചു കാണിച്ചുവെന്നും പരാതിയിൽ പറയുന്നു.

കൂടാതെ സിനിമയുടെ ചെലവും വരുമാനവും സംബന്ധിച്ച് സാമ്പത്തിക രേഖകൾ പരിശോധിക്കാൻ അനുവദിച്ചില്ലെന്നും അഞ്ജന ആരോപിക്കുന്നുണ്ട്. സിനിമയുടെ ആകെ നിർമ്മാണച്ചെലവ് 13.8 കോടി രൂപയാണ് എന്നാണ് സോഫിയ പറഞ്ഞത്. അവരും ഇതിലേക്ക് പണം നിക്ഷേപിക്കുന്നുണ്ടെന്ന് വിശ്വസിപ്പിച്ചതോടെ വേഗത്തിൽ പണം നൽകി.

ആറ് കോടി രൂപ പല തവണകളായി ബാങ്ക് അക്കൗണ്ടുകൾ മുഖേനെ സോഫിയ പോളിനും കൂട്ടർക്കും നൽകി. എന്നാൽ സോഫിയ പോളും കൂട്ടരും ഈ പദ്ധതിയിലേക്ക് പണമൊന്നും നിക്ഷേപിച്ചിട്ടില്ലെന്ന് പിന്നീട് മനസിലായി. സിനിമയുമായി ബന്ധപ്പെട്ട് ആകെ ലഭിക്കുന്ന ലാഭത്തിന്റെ 30% നൽകാം എന്നായിരുന്നു വാഗ്ദാനം. ഇതിനിടയിൽ നിർമ്മാണച്ചെലവിൽ 10.31 കോടി രൂപ കൂടുതലായി ചിലവായെന്നും ആകെ നിർമാണ ചിലവ് 23.40 കോടി രൂപയായി എന്നും സോഫിയ പോൾ ലാഘവത്തോടെ സൂചിപ്പിച്ചു.

Related Articles
Next Story