'ഹൗസ്ഫുൾ 5': പ്രേക്ഷകപ്രതികരണം അറിയാൻ തിയറ്ററിൽ നേരിട്ടെത്തി അക്ഷയ് കുമാർ

റിലീസ് ചെയ്ത് രണ്ട് ദിവസത്തിനുള്ളിൽ തന്നെ വൻ കളക്ഷൻ നേടി വിജയം ഉറപ്പിച്ചിരിക്കുകയാണ് അക്ഷയ്കുമാർ ചിത്രം'ഹൗസ്ഫുൾ 5'. റിലീസ് ചെയ്ത ആദ്യദിവസം തന്നെ 24 കോടി രൂപയാണ് ചിത്രം നേടിയത്. രണ്ടുദിവസംകൊണ്ട് ചിത്രം 54 കോടി രൂപ കളക്ഷൻ നേടിക്കഴിഞ്ഞു. ഇപ്പോഴിതാ പ്രേക്ഷകർ എങ്ങനെ ചിത്രത്തോട് പ്രതികരിക്കുന്നു എന്നറിയാൻ നേരിട്ട് തിയറ്ററിലേക്ക് എത്തിയിരിക്കുകയാണ് ചിത്രത്തിലെ നായകനായ അക്ഷയ് കുമാർ. സ്വന്തം ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ തരാം തന്നെയാണ് അതിന്റെ ദൃശ്യങ്ങൾ പങ്ക് വച്ചിരിക്കുന്നത്. കൈയിലൊരു മൈക്കുമായി മാസ്ക് ധരിച്ചാണ് പ്രേക്ഷക പ്രതികരണം അറിയാനായി മുംബൈയിലെ തിരക്കേറിയ ബാന്ദ്രയിലെ തീയേറ്ററിൽ താരമെത്തിയത്. താരത്തെ തിരിച്ചറിയാത്ത ആരാധകരിൽ പലരും തങ്ങളുടെ സത്യസന്ധമായ അഭിപ്രായങ്ങൾ പങ്കുവെച്ചു. താരത്തിനൊപ്പം ചിത്രത്തിന്റെ മറ്റ് അണിയറപ്രവർത്തകരുമുണ്ടായിരുന്നു.
കറുപ്പിൽ വെള്ളവരകളുള്ള ഷർട്ടും ജീൻസുമായിരുന്നു താരത്തിൻ്റെ വേഷം. താരത്തെ പലർക്കും തിരിച്ചറിയാൻ സാധിച്ചില്ല. ചിലർ അഭിപ്രായം പറയാൻ തന്നെ വിസ്സമതിച്ചു. 'ബാന്ദ്രയിൽ 'ഹൗസ്ഫുൾ 5' കണ്ടിറങ്ങിയ ആളുകളെ കില്ലർ മാസ്ക് ധരിച്ച് അഭിമുഖം നടത്താൻ തീരുമാനിച്ചു. പിടിക്കപ്പെടുന്നതിന് തൊട്ടുമുമ്പ് ഓടി രക്ഷപ്പെടേണ്ടിവന്നു. രസകരമായ അനുഭവമായിരുന്നു', വീഡിയോ പങ്കുവെച്ചുകൊണ്ട് അക്ഷയ് കുമാർ കുറിച്ചു.