'അച്ഛന്റെയും അമ്മയുടെയുമൊക്കെ കുറേ കഥകൾ അറിഞ്ഞത് ഗോപിക വന്നതിനു ശേഷമാണ്'. വിവാഹശേഷം ജീവിതത്തിലുണ്ടായ മാറ്റങ്ങളെക്കുറിച്ച് ഗോവിന്ദ് പദ്മ സൂര്യ

പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെട്ട താര ജോഡികളാണ് ജി പി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഗോവിന്ദ് പദ്മ സൂര്യയും ടെലിവിഷൻ സീരിയലിലൂടെ സുപരിചിതയായ ഗോപിക അനിലും. ഇരുവരും തമ്മിലുള്ള വിവാഹ വാർത്ത വലിയ സർപ്രൈസ് ആയാണ് ആരാധകരിലേക്കെത്തിയത്. ഇരുവരുടെയും വിവാഹവിശേഷങ്ങളും അതിന് ശേഷമുള്ള ജീവിതത്തിലെ സന്തോഷങ്ങളും എല്ലാം ആരാധകരുമായി പങ്കുവെക്കുവാൻ രണ്ടുപേരും മറക്കാറില്ല. ഇപ്പോഴിതാ ഗോപിക ജീവിതത്തിലേക്ക് വന്നതിന് ശേഷം ഉണ്ടായ മാറ്റങ്ങളെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ഗോവിന്ദ് പദ്മ സൂര്യ. തന്റെ അച്ഛനോടും അമ്മയോടും ഒപ്പം ഇരുന്ന് ഇത്രയധികം സംസാരിക്കുന്നതും അവർക്ക് ഒരുപാട് കഥകൾ പറയാനുണ്ടെന്ന് മനസ്സിലാക്കിയതും ഗോപിക വന്നതിന് ശേഷം ആണെന്നാണ് ജിപി പറയുന്നത്.

"അച്ഛനും അമ്മയുമായി ഇത്രയും നേരം ചെലവഴിക്കാൻ തുടങ്ങിയത് വിവാഹത്തിന് ശേഷമാണ്. ഭക്ഷണം കഴിച്ചതിനു ശേഷം എല്ലാവരും ഒന്നിച്ചിരുന്ന് സംസാരിക്കണം എന്നൊക്കെ ഗോപികക്ക് നിർബന്ധമാണ്. അപ്പോഴാണ് ഞാൻ അമ്മയെ അത്രയും ഹാപ്പിയായി കണ്ടത്. അല്ലെങ്കിൽ ഞാൻ എൻ്റെ ലോകത്തായിരിക്കും. എന്തൊക്കെയോ പരിപാടികൾ ചെയ്‌തുകൊണ്ട് ഇരിക്കുകയായിരിക്കും. ഇങ്ങനെയൊക്കെയാണ് കാര്യങ്ങളെന്ന് ഞാൻ അറിയുന്നുണ്ടായിരുന്നില്ല. അച്ഛന്റെയും അമ്മയുടെയുമൊക്കെ കുറേ കഥകൾ അറിഞ്ഞത് ഗോപിക വന്നതിനു ശേഷമാണ്'. സ്പോട്ട്‌ലൈറ്റ് മലയാളം എന്ന യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ ഗോവിന്ദ് പത്മസൂര്യ പറഞ്ഞു.

"കല്യാണം കഴിക്കണം എന്നും എനിക്ക് തോന്നിയിരുന്നില്ല. അല്ലാതെ തന്നെ കുറേ കാര്യങ്ങൾ ചെയ്യാൻ ഉണ്ടായിരുന്നു. വിവാഹജീവിതത്തിലേക്ക് ചെലവഴിക്കാൻ സമയവും ഊർജവും ഉണ്ടായിരുന്നില്ല. ഫുൾ സെറ്റിൽ ആയിട്ടോ സ്റ്റാർ ആയിട്ടോ വിവാഹം കഴിക്കാൻ പറ്റില്ല എന്ന് പിന്നീട് എനിക്ക് മനസിലായി", ജിപി കൂട്ടിച്ചേർത്തു. പ്രണയത്തിലാകുന്ന എല്ലാവരും സന്തോഷമുള്ളവർ ആയിരിക്കണമെന്നും പ്രണയിക്കുന്ന എല്ലാവരുടെയും മുഖത്ത് ഒരു പ്രത്യേക ഗ്ലോ ഉണ്ടാകുമെന്നും ജിപി അഭിമുഖത്തിൽ പറഞ്ഞു.

Related Articles
Next Story