'ആ നടിയെ വീട്ടിൽ കൊണ്ട് വന്ന് വളർത്താൻ തോന്നും': ജോണി ആന്റണി

ഓരോ കാലഘട്ടത്തിലും മലയാള സിനിമയിലെ തമാശകളുടെ രൂപവും ഭാവവും ഒക്കെ മാറാറുണ്ട്. അച്ഛൻ വേഷത്തിൽ എത്തി ആ വേഷത്തിന്റെ ഗൗരവം ഒട്ടും ചോരാതെ നല്ല തന്മയത്തോടെ തമാശ കൈകാര്യം ചെയ്യുന്ന നടനാണ് ജോണി ആന്റണി.പുതിയ തലമുറയുടെ ഭാഷയിൽ പറഞ്ഞാൽ മലയാള സിനിമയിലെ നല്ല ' വൈബ് തന്ത' എന്ന് വേണമെങ്കിൽ പറയാം. ഇപ്പോഴിതാ മലയാള സിനിമയിൽ തനിക്ക് മക്കളെ പോലെ തോന്നിയിട്ടുള്ള രണ്ട് താരങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം.
ജോണി ആന്റണിയുടെ ഏറ്റവും പുതിയ ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള. അരുൺ വൈഗ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രഞ്ജിത്ത് സജീവ് പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. ഇപ്പോൾ രഞ്ജിത്തിനെ കുറിച്ചും കല്യാണി പ്രിയദർശനെ കുറിച്ചും സംസാരിക്കുകയാണ് ജോണി ആന്റണി.
രഞ്ജിത്തിന്റെ പെരുമാറ്റമൊക്കെ കാണുമ്പോൾ അവനെ പോലെ ഒരു മകൻ ഉണ്ടായിരുന്നെങ്കിൽ എന്ന് തനിക്ക് തോന്നുമെന്ന് ജോണി ആൻ്റണി പറയുന്നു. താൻ കല്യാണി പ്രിയദർശൻ്റെ കൂടെ ഹൃദയം എന്ന സിനിമ ചെയ്യുമ്പോൾ കല്യാണി എങ്ങനെയാണ് എന്നൊക്കെ വീട്ടിൽ തന്റെ ഭാര്യയും മക്കളുമൊക്കെ ചോദിക്കാറുണ്ടായിരുന്നുവെന്നും നിങ്ങളുടെയൊക്കെ കൂടെ കൊണ്ടുവന്നു വളർത്താൻ തോന്നുമെന്ന് താൻ അവരോട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.
സൈന സൗത്ത് പ്ലസിൽ സംസാരിക്കുകയായിരുന്നു ജോണി ആന്റണി.
'ഓൺ സ്ക്രീനിലല്ല, ജീവിതത്തിൽ രഞ്ജിത്തിൻ്റെ ഒരു പെരുമാറ്റവും കാര്യങ്ങളുമൊക്കെ കാണുമ്പോൾ രഞ്ജിത്തിനെ പോലത്തെ ഒരു മകൻ ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നും. അത് വലിയ കാര്യമാണ്. ഞാൻ കല്യാണിയുടെ കൂടെ ഹൃദയം ചെയ്യുമ്പോൾ എന്നോട് വീട്ടിൽ പിള്ളേരും വൈഫുമൊക്കെ ചോദിച്ചു. 'എങ്ങനെയുണ്ട് കല്യാണി' എന്ന്. അപ്പോൾ ഞാൻ എന്റെ കുട്ടികളോട് പറഞ്ഞു, 'എടി നിൻ്റെയൊക്കെ കൂടെ കൊണ്ടുവന്ന് വളർത്താൻ തോന്നും’എന്ന്. കാരണം കല്യാണിയെ കൊണ്ട് ഒരു ശല്യവുമില്ല, ജോണി ആൻ്റണി പറയുന്നു.