കംഫർട്ടബിൾ അല്ലെന്നു തോന്നി, അതുകൊണ്ടാണ് സിനിമയിലേക്കു വരാതിരുന്നത്: മേതിൽ ദേവിക

കൊച്ചി: ആദ്യ സിനിമയായ 'കഥ ഇന്നുവരെ' യിൽ അഭിനയിക്കാൻ തീരുമാനിച്ചതിന്റെ കാരണം തുറന്നുപറഞ്ഞ് മേതിൽ ദേവിക. നർത്തകി എന്ന നിലയിൽ ശ്രദ്ധേയയായ മേതിൽ ദേവിക അഭിനയിച്ച ചിത്രം സെപ്റ്റംബറിൽ റിലീസിന് ഒരുങ്ങുകയാണ്. ബിജു മേനോൻ നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിഷ്ണു മോഹനാണ്.

കഴിഞ്ഞ 25 വർഷത്തിനിടെ നായികയായി സിനിമകളിൽ ഒട്ടേറെ അവസരം ലഭിച്ചെങ്കിലും വേണ്ടെന്ന് വച്ച് നൃത്തത്തിൽ ശ്രദ്ധ നൽകാനാണ് മേതിൽ ദേവിക തീരുമാനിച്ചത്. എന്നാൽ പണ്ടേ ഒട്ടേറെ അവസരം ലഭിച്ചതല്ലേ, എന്തുകൊണ്ട് അന്ന് അഭിനയിച്ചില്ല എന്ന് പലരും ചോദിച്ചെന്നും മേതിൽ ദേവിക ഒരു അഭിമുഖത്തിൽ പറഞ്ഞു.

''അന്ന് താൽപര്യമില്ലായിരുന്നു. കംഫർട്ടബിൾ അല്ലെന്ന് എനിക്ക് തന്നെ തോന്നിയിരുന്നു. ഇപ്പോൾ ഈ ടീം നല്ലതെന്ന് തോന്നിയതുകൊണ്ടാണ് യെസ് പറഞ്ഞത്. അതിനുശേഷമാണ് സ്‌ക്രിപ്റ്റും പണവും എല്ലാം...'' മേതിൽ പറഞ്ഞു.

ഹേമാ കമ്മിറ്റി റിപ്പോർട്ട് ഞെട്ടിച്ചില്ലെന്ന് നേരത്തെ മേതിൽ ദേവിക പ്രതികരിച്ചിരുന്നു. എല്ലാവർക്കും അറിയുന്ന കാര്യമല്ലേ റിപ്പോർട്ടിലുള്ളത്. ഇത് പുറത്തുവന്നത് കൊണ്ട് പ്രശ്നങ്ങളുടെ തീവ്രത ആളുകൾക്ക് മനസിലാക്കാനായി. സിനിമയിലെ നടൻമാർ ജീവിതത്തിലും ഹീറോ ആകാൻ ശ്രമിക്കണമെന്നും മേതിൽ ദേവിക പ്രതികരിച്ചിരുന്നു. അംഗമല്ലെങ്കിലും ഡബ്ല്യുസിസിയെ പൂർണമായും പിന്തുണയ്ക്കുന്നുവെന്നും മേതിൽ ദേവിക പറഞ്ഞു. പ്രശ്നപരിഹാരത്തിന് സിനിമയിലെ ഉത്തരവാദിത്തപ്പെട്ടവർ ഇടപെടണം. പുറത്ത് നിന്നുള്ളവർ ഇടപെട്ടാൽ വിഷയം കൂടുതൽ സങ്കീർണമാകുമെന്നും മേതിൽ ദേവിക പ്രതികരിച്ചു.

Related Articles
Next Story