ഞാൻ സിനിമയാക്കാനിരുന്ന നോവൽ കോപ്പിയടിച്ചു! ബ്രഹ്‌മാണ്ഡ സിനിമയ്‌ക്കെതിരെ ശങ്കർ

താൻ സിനിമയാക്കാനായി അവകാശം വാങ്ങിയ നോവലിലെ രംഗങ്ങൾ പുറത്തിറങ്ങിരിക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രം പകർത്തിയെന്ന് സംവിധായകൻ ശങ്കർ. ഇത് ഏറെ വേദനയുണ്ടാക്കി എന്നാണ് ശങ്കർ പറയുന്നത്. സംവിധായകൻ കഴിഞ്ഞ ദിവസം എക്‌സിൽ പോസ്റ്റ് ചെയ്ത ഒരു കുറിപ്പാണ് വൈറലാകുന്നത്.

”സു. വെങ്കടേശന്റെ വിഖ്യാതമായ ‘വീരയുഗ നായകൻ വേൾപാരി’ എന്ന തമിഴ് നോവലിന്റെ പകർപ്പവകാശ ഉടമ എന്ന നിലയിൽ, ഈ നോവലിലെ പ്രധാന രംഗങ്ങൾ അനുവാദമില്ലാതെ പല സിനിമകളിലും ഉപയോഗിക്കുന്നത് കാണുന്നതിൽ എനിക്ക് ദുഃഖമുണ്ട്. ഏറ്റവും പുതിയൊരു സിനിമയുടെ ട്രെയ്‌ലറിലും നോവലിലെ പ്രധാന രംഗങ്ങൾ ഉപയോഗിച്ചിരിക്കുന്നത് കണ്ടു.”

”ഇത് ഏറെ വേദനാജനകവും അസ്വസ്ഥതപ്പെടുത്തുന്നതുമാണ്. ദയവായി, സിനിമകളിലും വെബ് സീരീസുകളിലും തുടങ്ങി ഒരു മാധ്യമത്തിലും ഈ നോവലിലെ രംഗങ്ങൾ ഉപയോഗിക്കരുത്. സൃഷ്ടാക്കളുടെ അവകാശങ്ങൾ മാനിക്കുക, അനുവാദമില്ലാതെ ദൃശ്യങ്ങൾ എടുക്കരുത്, ലംഘിച്ചാൽ നിയമനടപടികൾ നേരിടേണ്ടി വരും” എന്നാണ് ശങ്കർ കുറിച്ചിരിക്കുന്നത്.

അതേസമയം, ഈ കുറിപ്പ് വന്നതോടെ ചൂടുപിടിച്ച ചർച്ചയാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. സൂര്യ നായകനായ ‘കങ്കുവ’യാണ് ഉടൻ വരുന്ന പീരിയോഡിക്കൽ സിനിമയാണെന്നും അതിനാൽ ഈ ചിത്രത്തെ കുറിച്ചാണ് ശങ്കറിന്റെ പോസ്റ്റ് എന്നുമാണ് ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്.

എന്നാൽ സൂര്യ ചിത്രത്തെ കുറിച്ചല്ല, ജൂനിയർ എൻടിആറിന്റെ ‘ദേവര’യെ കുറിച്ചാണ് എന്നാണ് മറ്റൊരു വിഭാഗത്തിന്റെ വാദം. ‘വീരയുഗ നായകൻ വേൾപാരി’ നോവൽ വായിച്ചവർക്ക് അത് മനസിലാവുമെന്നും ഇവർ പറയുന്നുണ്ട്.

Related Articles
Next Story