'ഞാൻ എന്തിനാണ് എൻജിനിയറിങ് പഠിച്ചതെന്ന് ഇപ്പോഴും അറിയില്ല':- നിവിൻ പോളി

മലയാളി പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെട്ട നടനാണ് നിവിൻ പോളി. മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്ന് വന്ന നിവിൻ പിന്നീട് നിരവധി പ്രേക്ഷക പ്രിയ സിനിമകളുടെ ഭാഗമായി. തട്ടത്തിൻ മറയത്ത്, നേരം, ആക്ഷൻ ഹീറോ ബിജു, ഓം ശാന്തി ഓശാന, ബാംഗ്ലൂർ ഡേയ്സ്, പ്രേം അങ്ങനെ നിരവധി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ചു. അഭിനയ രംഗത്ത് മാത്രമല്ല നിർമാണത്തിലും പിന്നീട് നിവിൻ സജീവമായി.
ഇപ്പോഴിതാ താൻ എൻജിനിയറിങ് ആണ് പഠിച്ചതെന്നും എന്തിനാണ് എന്‍ജിനീയറിങ് പഠിച്ചതെന്ന് ഇപ്പോഴും അറിയില്ലെന്നുമാണ് തമാശയായി നിവിൻ പറയുന്നത്. കൊച്ചിയിലെ കേരള സ്റ്റാര്‍ട്ട് അപ് മിഷനില്‍ ‘ഹാക്ജെന്‍ എഐ 2025’ ലോഗോയും വെബ് സൈറ്റും ലോഞ്ച് ചെയ്തശേഷം സംസാരിക്കുകയായിരുന്നു താരം.
‘സ്റ്റാര്‍ട്ട് അപ്പുകളെ പിന്തുണയ്ക്കാന്‍ വേണ്ടി എന്തെങ്കിലും ചെയ്യാന്‍ കഴിയുക എന്നത് ഒരുപാട് വര്‍ഷത്തെ ആഗ്രഹമാണ്. ഞാൻ എന്ജിനീയറിങ്ങാണ് പഠിച്ചത്, പക്ഷെ എന്തിനാണ് പഠിച്ചതെന്ന് ഇപ്പോഴും അറിയില്ല. ഒരു ബിസിനസോ സ്റ്റാര്‍ട്ട് അപ്പോ തുടങ്ങണമെന്നത് പഠിക്കുന്ന കാലംതൊട്ടേയുള്ള ആഗ്രഹമായിരുന്നു. ഒരുപാട് ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. ചര്‍ച്ചകള്‍ നടന്നുവെന്നല്ലാതെ പ്രായോഗികമായി ഒന്നും മുന്നോട്ടുപോയില്ല. ആവശ്യമായ പിന്തുണയൊന്നും അന്ന് ലഭിച്ചില്ല.
പിന്നീട് ഭാഗ്യംകൊണ്ട് സിനിമയില്‍ എത്തി. സിനിമയില്‍ തിരക്കായി. ഇടയ്ക്ക് ഓരോ സ്റ്റാര്‍ട്ട് അപ്പ് ഐഡിയകള്‍ കേള്‍ക്കും. സ്റ്റാര്‍ട്ട് അപ്പുകളെ പിന്തുണയ്ക്കുന്ന പരിപാടി തുടങ്ങണം എന്നത് ഒരുപാട് കാലത്തെ ആഗ്രഹമായിരുന്നു. സിനിമയില്‍ ഞങ്ങള്‍ അഭിമുഖീകരിക്കുന്ന ഒരുപാട് പ്രശ്നങ്ങളുണ്ട്. അവയെക്കുറിച്ച് ആളുകളോട് ചര്‍ച്ച ചെയ്യുമായിരുന്നു. സിനിമാ നിര്‍മാണത്തെ സഹായിക്കുന്ന എഐ ടൂളുകള്‍ നിര്‍മ്മിക്കാന്‍ ശ്രമിച്ചിരുന്നു’, നിവിന്‍ കൂട്ടിച്ചേര്‍ത്തു