'തന്റെ പ്രായത്തിനും ആരോഗ്യത്തിനും ചേരുന്ന നല്ല കഥ കിട്ടിയാൽ അഭിനയിക്കും; വല്ലവന്റെയും തന്തയായി അഭിനയിക്കില്ലെന്ന് ഉറപ്പാണ്'':- മധു

ശൈശവകാലം മുതൽ തന്നെ മലയാള സിനിമയോടൊപ്പം നടന്ന നടനാണ് മധു. ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങളെ മലയാളിക്ക് സമ്മാനിച്ച കലാകാരൻ ഇപ്പോൾ സിനിമയിൽ നിന്ന് വിട്ടു നിൽക്കുന്നതിന്റെ കാരണങ്ങളെപ്പറ്റി തുറന്ന് സംസാരിക്കുകയാണ്. ഒരേ തരത്തിലുള്ള അച്ഛൻ വേഷങ്ങൾ ചെയ്ത് മടുപ്പ് തോന്നിയതുകൊണ്ടാണ് സിനിമയിൽ നിന്ന് വിട്ടു നിന്നതെന്നും തനിക്ക് ചെയ്യാൻ സാധിക്കുന്ന തരത്തിലുള്ള വ്യത്യസ്തങ്ങളായ കഥാപാത്രങ്ങൾ തന്നിലേക്ക് വന്നാൽ ഇപ്പോഴും അഭിനയിക്കാൻ തയ്യാറാണെന്നും മധു പറയുന്നു. കൂടാതെ പൃഥ്വി രാജിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ഈമ്പുരാനിലേക്ക് ഫാസിൽ ചെയ്ത കഥാപാത്രത്തിലേക്ക് തന്നെ ക്ഷണിച്ചിരുന്നെന്നും ആ സമയം ചില ദുശ്ശകുനങ്ങൾ തനിക്ക് അനുഭവപ്പെട്ടതിനാൽ ആ കഥാപാത്രത്തിൽ നിന്നും പിന്മാറിയെന്നും മധു പറയുന്നു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മധു ഇക്കാര്യങ്ങൾ തുറന്ന് പറഞ്ഞത്.

‘ഒരു സമയത്ത് ഞാന്‍ ചെയ്ത പടങ്ങളിലെല്ലാം ഒരുപോലത്തെ കഥാപാത്രങ്ങളായിരുന്നു. ഒരു സ്റ്റേജ് എത്തിയപ്പോള്‍ എനിക്ക് മടുപ്പ് തോന്നി. പുതിയതായി ഒന്നും ചെയ്യാനില്ലല്ലോ എന്ന് ചിന്തിച്ചു. അങ്ങനെ സിനിമ ചെയ്യണ്ട എന്ന് തീരുമാനിച്ച് മാറിനിന്നു. അപ്പോഴും എന്നോട് കഥ പറയാന്‍ ആളുകള്‍ വരുമായിരുന്നു. അതെല്ലാം കേട്ടപ്പോള്‍ പണ്ട് ചെയ്ത സാധനങ്ങള്‍ തന്നെയായിരുന്നു.

അതിനിടയില്‍ പൃഥ്വിരാജ് എന്റെയടുത്ത് വന്നിരുന്നു. അയാള്‍ ആദ്യമായി സംവിധാനം ചെയ്ത പടത്തില്‍ എനിക്ക് ഒരു വേഷമുണ്ടായിരുന്നു. എന്റെ പ്രായത്തിന് ചേര്‍ന്ന ഒരു വേഷം തന്നെയായിരുന്നു. പക്ഷേ, അയാള്‍ കഥ പറയാന്‍ വരുന്നതിന് മുമ്പ് ചില ദുശ്ശകുനങ്ങള്‍ നേരിട്ടു. ഞാന്‍ അതിലൊക്കെ വിശ്വസിക്കുന്നയാളാണ്. ആ കാരണം കൊണ്ട് ഞാന്‍ ആ സിനിമ വേണ്ടെന്ന് വെച്ചു.

ഇപ്പോഴും മിക്ക ദിവസങ്ങളിലും ഓരോരുത്തര്‍ വന്ന് കഥ പറഞ്ഞിട്ട് പോകും. അതെല്ലാം ഒഴിവാക്കിവിടും. ഇപ്പോഴത്തെ എന്റെ പ്രായത്തിനും ആരോഗ്യസ്ഥിതിക്കും ചേരുന്ന തരത്തില്‍ ഒരു കഥ കൊണ്ടുവന്നാല്‍ തീര്‍ച്ചയായിട്ടും അഭിനയിക്കും. അല്ലാതെ വല്ലവന്റെയും തന്തയായിട്ടുള്ള വേഷമാണെങ്കില്‍ ചെയ്യില്ലെന്ന് ഉറപ്പാണ്,’ മധു പറയുന്നു.

Related Articles
Next Story