എന്റെ സിനിമകള്‍ കാണാത്തവര്‍ക്ക് ഈ മൂന്ന് ചിത്രങ്ങള്‍ ആദ്യം കാണാന്‍ സജസ്റ്റ് ചെയ്യും: ശോഭന

തുടരും എന്ന ചിത്രത്തിലൂടെ ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചുവന്നിരിക്കുകയാണ് നടി ശോഭന. മോഹന്‍ലാലിനൊപ്പം വര്‍ഷങ്ങള്‍ക്ക് ശേഷം ശോഭന ഒന്നിച്ച ചിത്രം കൂടിയായിരുന്നു തുടരും. മലയാളത്തില്‍ മാത്രമല്ല, കരിയറിന്റെ ആദ്യ നാളുകള്‍ മുതലേ തമിഴിലും തെലുങ്കിലുമെല്ലാം മികച്ച വേഷങ്ങള്‍ ശോഭന ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ഇതുവരെ തന്റെ സിനിമകളൊന്നും കാണാത്തവര്‍ക്കായി മൂന്ന് സിനിമകള്‍ നടി സജസ്റ്റ് ചെയ്തിരിക്കുകയാണ്.

‘ഞാന്‍ ബാലതാരമായി എത്തിയ മംഗള നായഗി എന്ന സിനിമയാകും ഒന്ന്. പിന്നെ പുതിയ ചിത്രമായ തുടരും. എനിക്ക് ഒരുപാട് മികച്ച തെലുങ്ക് സിനിമകള്‍ കരിയറില്‍ ലഭിച്ചിട്ടുണ്ട്. തെലുങ്കില്‍ നിന്ന് ഹലോ ഡാര്‍ലിങ് എന്ന സിനിമയും ഞാന്‍ റെക്കമെന്റ് ചെയ്യും,’ ശോഭന പറയുന്നു.

അഭിമുഖത്തില്‍ സിനിമയിലെ മുന്‍ നാളുകളെ കുറിച്ചും അക്കാലത്തെ ചിത്രീകരണരീതികളെ കുറിച്ചും ശോഭന സംസാരിക്കുന്നുണ്ട്. ഒരു വര്‍ഷം 22 സിനിമകള്‍ വരെ ചെയ്തിരുന്നുവെന്നും അന്ന് പെട്ടന്ന് സിനിമകളുടെ ചിത്രീകരണം അവസാനിക്കുമായിരുന്നു എന്നും ശോഭന പറഞ്ഞു.

‘ഒരു വര്‍ഷം 22 സിനിമകളിലൊക്കെ ഞാന്‍ അഭിനയിച്ചിരുന്നു. ഇപ്പോള്‍ സാങ്കേതികത കൂടിയത് കൊണ്ട് ഒരുപാട് സമയമെടുക്കും. മുമ്പ് അതൊന്നും ഉണ്ടായിരുന്നില്ല. അന്ന് പ്രധാനമായും നോക്കിയിരുന്നത് ഇമോഷന്‍സും സ്‌ക്രിപ്റ്റും ആയിരുന്നു. പണ്ട് സിനിമയില്‍ ഒന്ന് രണ്ട് ഹീറോസ് ഉണ്ടാകുമായിരുന്നു. അതില്‍ ഒരാള്‍ സംവിധായകനാണ്, മറ്റൊന്ന് സ്‌ക്രിപ്റ്റ് ആണ്. അതിന് ശേഷമാണ് അഭിനേതാക്കളും മറ്റുള്ളവരും വരുന്നത്. അത് സത്യത്തില്‍ മലയാളം സിനിമയുടെ ഗോള്‍ഡന്‍ പീരിയഡ് ആയിരുന്നു. അന്ന് ആ പിരീഡില്‍ നില്‍ക്കാന്‍ പറ്റിയത് എന്റെ ഭാഗ്യമാണ്,’ ശോഭന പറയുന്നു.

Related Articles
Next Story