നീ അന്നേ സത്യം പറഞ്ഞിരുന്നുവെങ്കിൽ അപ്പാ ഇതൊന്നും പറയില്ലായിരുന്നു; മകൾക്ക് മറുപടിയുമായി ബാല
നടൻ ബാലയ്‌ക്കെതിരെ ആദ്യമായി രംഗത്തെത്തിയിരിക്കുകയാണ് മകൾ അവന്തിക. അച്ഛനെ സ്‌നേഹിക്കാൻ ഒരു കാരണവുമില്ലെന്ന് പറഞ്ഞായിരുന്നു മകൾ ഇൻസ്റ്റഗ്രാം വീഡിയോയിൽ എത്തിയത്. അമ്മയെ ശാരീരികമായി ഉപദ്രവിച്ചിട്ടുണ്ട്. തന്നെ കോടതിയിൽ നിന്നും വലിച്ചിഴച്ചു കൊണ്ടുപോയി, ഭക്ഷണം തരാതെ മുറിയിൽ പൂട്ടിയിട്ടു എന്നിങ്ങനെയുള്ള ഗുരുതര ആരോപണങ്ങളാണ് ബാലക്കെതിരെ മകൾ ഉന്നയിച്ചിരിക്കുന്നത്.
മകളുടെ വാക്കുകളോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബാല ഇപ്പോൾ. മകളോട് തർക്കിക്കാൻ താനില്ലെന്നും ഇനിയൊരിക്കലും അരികിൽ വരില്ലെന്നും ബാല പങ്കുവച്ച വീഡിയോയിൽ പറഞ്ഞു. ”നിന്നോട് തർക്കിക്കാൻ ഞാൻ ഇനിയില്ല. എന്തായാലും നീ പറഞ്ഞതിൽ പോസിറ്റീവായ കാര്യം പറയാം. മൈ ഫാദർ എന്ന് പറഞ്ഞല്ലോ. നീ കുഞ്ഞായിരിക്കുമ്പോഴാണ് എന്നെ വിട്ട് അകന്ന് പോയത്.”
”ഭക്ഷണം പോലും തരാതെയിരുന്നുവെന്ന് പറഞ്ഞു. നീ ജയിക്കണം. ആശുപത്രിയിൽ ഞാൻ വയ്യാതെ കിടന്നപ്പോൾ നീ മറ്റുള്ളവരുടെ നിർബന്ധം കാരണമാണ് വന്നതെന്ന് പറഞ്ഞിരുന്നു. നീ വന്നത് കൊണ്ടാണ് ഞാൻ ജീവിതത്തിലേക്ക് തിരിച്ചുവന്നത്. നീ അന്നേ സത്യം പറഞ്ഞിരുന്നുവെങ്കിൽ ഇപ്പോൾ ഇതൊന്നും സംസാരിക്കാൻ ഞാൻ ഇവിടെ ഉണ്ടാകില്ലായിരുന്നു.”
”ഞാൻ കരുതി ഞാനും നിന്റെ കുടുംബമാണെന്ന്. നിന്നെ ഞാൻ സ്നേഹിക്കുന്നുവെങ്കിൽ ഒരിക്കലും നിന്റെ അരികിലേക്ക് വരരുത് എന്നാണ് പറഞ്ഞത്. ഇല്ല, ഇനി ഞാൻ ഒരിക്കലും വരില്ല. എല്ലാ ആശംസകളും. നന്നായി പഠിക്കണം. വലിയ ആളാകണം” എന്നാണ് ബാല പറയുന്നത്.
അതേസമയം, മകളെ തന്നിൽ നിന്നും അമൃത അകറ്റുകയാണ് എന്ന് ആരോപിച്ചാണ് ബാല രംഗത്തെത്താറുള്ളത്. അച്ഛൻ പറയുന്നത് പച്ചക്കള്ളമാണ് എന്നാണ് അവന്തിക പറയുന്നത്. ”എല്ലാവരും കരുതുന്നത് ഞാനും എന്റെ അമ്മയും മോശമാണെന്നാണ്. എന്നാൽ അതല്ല സത്യം. ഞാൻ എന്റെ അച്ഛനെ കുറിച്ചാണ് സംസാരിക്കുന്നത്. അദ്ദേഹം പല അഭിമുഖത്തിലും പറയുന്നുണ്ട് എന്നെ ഇഷ്ടമാണ്, എന്നെ ഭയങ്കര മിസ് ചെയ്തു, എനിക്ക് ഗിഫ്റ്റൊക്കെ അയക്കാറുണ്ടെന്നൊക്കെ. ഇതൊന്നും ശരിയല്ല.”