നേരിട്ട് ഒ ടി ടി റിലീസിന് ഒരുങ്ങി ഇന്ത്യൻ 3

ശങ്കർ സംവിധാനം ചെയ്ത ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ ഇന്ത്യൻ 3 നേരിട്ട് ഒ ടി ടി റിലീസിന് ഒരുങ്ങുന്നു.ഇന്ത്യൻ 2 ൻ്റെ ബോക്‌സ് ഓഫീസ് നിരാശയെ തുടർന്ന് കടുത്ത വിമർശനങ്ങൾ നേരിട്ടതുകൊണ്ടാകാം മൂന്നാം ഭാഗം നേരിട്ട് ഒ ടി ടി റിലീസിന് ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ.
ചിത്രം 2025 ജനുവരിയിൽ തിയറ്ററുകളിൽ എത്തുമെന്നായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. കമൽഹാസൻ നായകനാകുന്ന ഇന്ത്യൻ 3, പകരം 2025-ൽ ഒ ടി ടി പ്ലാറ്റ്‌ഫോമുകളിൽ നേരിട്ട് റിലീസ് ചെയ്‌തേക്കുമെന്ന് സൂചിപ്പിക്കുന്ന ശക്തമായ അഭ്യൂഹങ്ങളാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ നടക്കുന്നത്. ഈ വാർത്തയെ കുറിച്ച് ചലച്ചിത്ര പ്രവർത്തകർ ഇതുവരെ പ്രതികരിച്ചിട്ടില്ല. ചിത്രം ഒ ടി ടി റിലീസ് തന്നെയാണോ എന്നുള്ള സ്ഥിതികരണത്തിനു കാത്തിരിക്കുകയാണ് ആരാധകർ.
ശങ്കറിന്റെ തന്നെ സംവിധാനത്തിൽ 1996-ൽ പുറത്തിറങ്ങിയ ചിത്രമാണ് ഇന്ത്യൻ. എ.എം. രത്നമാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. കമൽ ഹാസൻ ഇരട്ടവേഷത്തിൽ അഭിനയിക്കുന്ന ഈ ചിത്രത്തിൽ മനീഷ കൊയ്‌രാള, സുകന്യ,നെടുമുടി വേണു,വിവേക്, ഗൗണ്ടമണി എന്നിവരും അഭിനയിച്ചിരിക്കുന്നു. ഒരു മുൻ സ്വാതന്ത്ര്യസമരസേനാനി അഴിമതിക്കെതിരെ നടത്തുന്ന പോരാട്ടമാണ് ചിത്രത്തിന്റെ ഇതിവൃത്തം. അഴിമതിക്കാരെ ശിക്ഷിച്ച് നീതി നടപ്പാക്കുന്ന അദ്ദേഹത്തിന് അവസാനം തന്റെ മകനെയും ശിക്ഷിക്കേണ്ടി വരുന്നു. ചിത്രത്തിൽ കമൽ ഹാസന്റെ മർമ്മകല ഉപയോഗിച്ച് ശത്രുക്കളെ നേരിടുന്ന രംഗങ്ങൾ പ്രധാന ആകർഷണങ്ങളിലൊന്നാണ്.ചിത്രത്തിന്റെ സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് എ ആർ റഹ്മാൻ ആയിരുന്നു. തമിഴ് ചലച്ചിത്ര സംവിധായകൻ ജീവയാണ് ഈ ചിത്രത്തിന്റെ ഛായാഗ്രാഹകൻ.
ഇന്ത്യൻ ചിത്രം ഇറങ്ങി 28 വർഷം പിന്നിടുമ്പോഴായിരുന്നു ഇന്ത്യൻ 2: സീറോ ടോളറൻസ് എന്ന ചിത്രം ഇറങ്ങുന്നത്. നടന്മാരായ നെടുമുടി വേണുവിന്റെയും വിവേകിന്റെയും ബോഡി ഡബിൾ ചെയ്ത എ.ഐ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ചിത്രത്തിൽ അവരെ ഉൾപ്പെടുത്തിയത്. എസ് ജെ സൂര്യ, രാകുൽ പ്രീത് , സിദ്ധാർഥ് ,ബോബി സിൻഹ , കാളിദാസ് ജയറാം എന്നിവരും ചിത്രത്തിൽ അഭിനയിച്ചിരുന്നു. അനിരുദ്ധയിരുന്നു ചിത്രത്തിന്റെ സംഗീതം. ഗംഭീര ആഘോഷങ്ങളോടെയും ഒരുപാട് ഹൈപ്പുകളോടെയും ഇറങ്ങിയ ചിത്രം 151 കോടി ബോക്സ് ഓഫീസ് കളക്ഷൻ നേടിയെങ്കിലും ഇന്ത്യൻ സിനിമയുടെ യാതൊരു നിലവാരവും പുലർത്തിയില്ല എന്നത് ആരാധകരെ ഏറെ നിരാശപ്പെടുത്തി.
ഇതിൽ കടുത്ത വിമർശനങ്ങൾ സംവിധായകൻ ശങ്കറും , നടൻ കമൽ ഹാസനും നേരിട്ടിരുന്നു.
ലൈക്ക പ്രൊഡക്ഷൻസിന്റെ ഒപ്പം റെഡ് ജയന്റ് മൂവീസും ചേർന്നാണ് ചിത്രം നിർമ്മിച്ചത് .