കാലം മായ്ക്കാത്ത മുറിവുകളില്ല എന്നാണ് പറയാറ്, പക്ഷേ യാഥാർത്ഥ്യം അതല്ല: ഭാവന

അച്ഛന്റെ ഒൻപതാം ചരമ വാർഷിക ദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി നടി ഭാവന. അച്ഛനൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് ഭാവനയുടെ കുറിപ്പ്. ‘മുന്നോട്ടുള്ള യാത്ര തുടരുക, നീ തോൽക്കുന്നത് കാണാൻ സ്വർഗത്തിലെ ആൾ ആഗ്രഹിക്കുന്നില്ല’ എന്നാണ് ഭാവന പറയുന്നത്.

”ആളുകൾ പറയും, കാലം എല്ലാ മുറിവുകളും ഉണക്കുമെന്ന്! പക്ഷേ, എല്ലായ്‌പ്പോഴും യാഥാർത്ഥ്യം അങ്ങനെയാകണമെന്നില്ല. അച്ഛാ… ഓരോ നിമിഷവും ഞങ്ങൾ അങ്ങയെ മിസ് ചെയ്യുന്നു, കടന്നു പോകുന്ന ഓരോ ദിവസവും, ഓരോ ഉയർച്ച താഴ്ചകളിലും… എല്ലായ്പ്പോഴും അങ്ങ് ഞങ്ങളുടെ ഹൃദയങ്ങളിലുണ്ട്” എന്ന് ഭാവന കുറിച്ചു.

പ്രതിസന്ധി ഘട്ടങ്ങളിൽ ഭാവനയ്‌ക്കൊപ്പം എല്ലായ്‌പ്പോഴും താങ്ങായി പിതാവ് ഉണ്ടായിരുന്നു. ഫോട്ടോഗ്രാഫറായിരുന്നു ഭാവനയുടെ പിതാവ് ബാലചന്ദ്രൻ. ഭാവനയുടെയും നവീന്റെയും വിവാഹ നിശ്ചയം കഴിഞ്ഞതിന് പിന്നാലെയായിരുന്നു അപ്രതീക്ഷിതമായി ബാലചന്ദ്രന്റെ മരണം. രക്തസമ്മർദത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോഴായിരുന്നു മരണം. അച്ഛൻ വേർപാട് വളരെ അപ്രതീക്ഷിതമായി സംഭവിച്ച ഒന്നായിരുന്നതുകൊണ്ട് തന്നെ അതുണ്ടാക്കിയ മുറിവ് തന്റെ മരണം വരെ നിലനിൽക്കുമെന്ന് ഭാവന മുമ്പൊരിക്കൽ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

അതേസമയം, ഒരിടവേളയ്ക്ക് ശേഷം മലയാള സിനിമയിൽ സജീവമാകുകയാണ് ഭാവന. ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്, നടികർ എന്നിവയാണ് മലയാളത്തിൽ അടുത്തിടെ റിലീസിനെത്തിയ ഭാവനയുടെ ചിത്രങ്ങൾ. ഷാജി കൈലാസ് ചിത്രം ‘ഹണ്ട്’ ആണ് അടുത്തിടെ തിയേറ്ററുകളിൽ എത്തിയ ഭാവനയുടെ ചിത്രം.

Related Articles
Next Story