'അത് തൃഷയും കമലുമല്ല, രണ്ട് കഥാപാത്രങ്ങളാണ്' വിവാദങ്ങളോട് പ്രതികരിച്ച് മനിരത്നം

പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന കമൽ ഹാസൻ ചിത്രമാണ് 'തഗ് ലൈഫ്'. നീണ്ട നാളത്തെ ഇടവേളക്ക് ശേഷം കമൽ ഹാസനും മനിരതനവും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി തഗ് ലൈഫിനുണ്ട്. കൂടാതെ തൃഷ, അഭിരാമി, ചിമ്പു തുടങ്ങി പ്രേക്ഷക പ്രിയ താര നിരകൾ എല്ലാം തന്നെ തഗ് ലൈഫിൽ അണിനിരക്കുന്നു.
ചിത്രത്തിന്റെ ട്രെയിലർ റിലീസായതിനു പിന്നാലെ, കമലിനൊപ്പമുള്ള തൃഷയുടെ റൊമാൻ്റിക് രംഗം വലിയ ചർച്ചയായിരുന്നു. മകളുടെ പ്രായമുള്ള നായികക്കൊപ്പം കമൽ റൊമാൻസ് ചെയ്യുന്നതിനെ വിമർശിച്ചും അധിക്ഷേപിച്ചും സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം എത്തി.ഇപ്പോഴിതാ, വിമർശനങ്ങളോടുള്ള സംവിധായകൻ മണിരത്നത്തിന്റെ പ്രതികരണമാണ് ചർച്ചയാകുന്നത്. കഥാപാത്രങ്ങളെ അങ്ങനെ തന്നെ കാണണമെന്നും അഭിനേതാക്കളെ വച്ചല്ല വിലയിരുത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
'യഥാർഥജീവിതത്തിൽ പ്രായത്തിൽ ഒരുപാട് ഇളപ്പമുള്ളവരുമായി പ്രണയബന്ധങ്ങളുള്ള ആളുകളുണ്ട്, ആണാണെങ്കിലും പെണ്ണാണെങ്കിലും. അതാണ് സത്യാവസ്‌ഥ. കാലങ്ങൾക്ക് മുമ്പേ അങ്ങനെയാണ്, ഇപ്പോഴുണ്ടായതല്ല. സിനിമയിൽ കാണുമ്പോൾ നാമത് അവഗണിക്കാൻ ശ്രമിക്കുന്നു, അല്ലെങ്കിൽ മുൻവിധികൾ നടത്തുന്നു, ഒരു രീതിയിൽ മാത്രമേ പാടുള്ളൂ എന്ന് വാശി പിടിക്കുന്നു. ഇത്തരം രംഗങ്ങളെ കഥാപാത്രങ്ങളുടെ അടിസ്ഥാനത്തിൽ വിലയിരുത്തൂ, അഭിനയിക്കുന്ന അഭിനേതാക്കളെ
വച്ചല്ല. അത് തൃഷയും കമലുമല്ല, രണ്ട് കഥാപാത്രങ്ങളാണ്. സിനിമ കണ്ടിട്ട് അഭിപ്രായം പറയൂ'.- മിഡ്-ഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ മണിരത്നം വിശദീകരിക്കുന്നു.