ആരുമല്ലാതിരുന്ന കാലത്ത് ചേർത്തുനിർത്തിയ ആളാണ് ജനാർദ്ദനൻ ചേട്ടൻ : മമ്മൂട്ടി
കരിയറിന്റെ തുടക്കത്തിൽ ജനാർദ്ദനൻ തന്നോട് കാണിച്ച കരുതലിനെ കുറിച്ച് പറഞ്ഞ് മമ്മൂട്ടി. സിനിമയിൽ വന്ന കാലത്ത് ഒരു പരിചയക്കാരൻ എന്നു പറയാൻ എനിക്ക് ജനാർദ്ദനൻ ചേട്ടൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മമ്മൂട്ടി തന്റെ നാട്ടുകാരനാ കെട്ടോ എന്ന് ജനാർദ്ദനൻ എല്ലാവരോടും പറയുമായിരുന്നു എന്നാണ് മമ്മൂട്ടി പറയുന്നത്.
”ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് ജനാർദ്ദനൻ ചേട്ടനാണെന്ന് ഞാനിപ്പോഴാണ് അറിയുന്നത്. ഞങ്ങളൊരു നാട്ടുകാരാണ്. ഒരുപാട് കാലത്തെ പരിചയവും പഴക്കവുമുണ്ട്. ഞാൻ സിനിമയിൽ വന്ന കാലത്ത് വളരെ ചുരുക്കം ആളുകളെ ഉണ്ടായിരുന്നുള്ളൂ.”
”ഒരു പരിചയക്കാരൻ എന്ന് പറയാൻ എനിക്ക് ജനാർദ്ദനൻ ചേട്ടൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പലരോടും അദ്ദേഹം അന്ന് പറഞ്ഞത്, മമ്മൂട്ടി എന്റെ നാട്ടുകാരനാ കെട്ടോ എന്നാണ്. അന്ന് ഞാൻ ഒരു ചെറിയ നടനാണ്. അക്കാലത്ത് അത്രത്തോളം സന്തോഷവും അംഗീകാരവും എനിക്ക് കിട്ടാനില്ല.”
”മലയാളത്തിലെ അത്രയും പ്രഗത്ഭനായ നടൻ അദ്ദേഹത്തിന്റെ നാട്ടുകാരനാണ്, സ്വന്തക്കാരനാണ് എന്നൊക്കെ പറയുമ്പോൾ നമ്മളെ എത്രത്തോളം സെക്യൂർഡ് ആവുന്നു എന്നുള്ളത് നിങ്ങൾക്കത് അനുഭവത്തിൽ ഉണ്ടെങ്കിൽ മാത്രമേ മനസിലാവൂ.”
”അന്യ നാട്ടിൽ ചെല്ലുമ്പോൾ, നമ്മുടെ നാട്ടുകാരനായ ഒരാളെ കാണുമ്പോൾ, നമ്മുടെ ഭാഷ സംസാരിക്കുന്ന ആളെ കാണുമ്പോൾ ഒരു സന്തോഷമില്ലേ, സമാധാനമില്ലേ. അതുപോലെ ജനാർദ്ദനൻ ചേട്ടനെ കണ്ടപ്പോൾ അദ്ദേഹം വൈക്കത്തുകാരനാണ് ഞാൻ എന്ന് മറ്റുള്ളവരോട് പറയുന്നത് കേട്ടപ്പോൾ എനിക്കുണ്ടായൊരു ആത്മധൈര്യം… താങ്ക്യൂ..” എന്നാണ് മമ്മൂട്ടി പറയുന്നത്.