ഫാമിലി , തടവ് എന്നി ചിത്രങ്ങൾക്ക് ജോണ്‍ എബ്രഹാം പുരസ്കാരം

ഫെഡറേഷന്‍ ഓഫ് ഫിലിംസൊസൈറ്റീസ് ഓഫ് ഇന്ത്യ കേരള ഘടകം ഏറ്റവും നല്ല മലയാള സിനിമയ്ക്ക് നല്‍കിവരുന്ന 2022, 2023 വര്‍ഷങ്ങളിലെ ജോണ്‍ എബ്രഹാം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.ഒരു കുടിയേറ്റ മേഖലയിലെ വികാരസാന്ദ്രമായ അന്തരീക്ഷങ്ങളെ പ്രകൃതിയെ സാക്ഷിയാക്കി മാറിനിന്നുള്ള കാഴ്ചപ്പാടിലൂടെ ആവിഷ്കരിക്കുന്ന ചിത്രം ഫാമിലി 2022 ലെ നല്ല ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. ശ്രീ. ഡോണ്‍ പാലത്തറയാണ് ഈ ചിത്രത്തിന്റെ സംവിധായകന്‍.സങ്കീര്‍ണ്ണങ്ങളായ ജീവിത പശ്ചാത്തലങ്ങളിലൂടെ പോരാടിയും പരാജയപ്പെട്ടും ജീവിക്കുന്ന ഒരു സ്ത്രീയുടെ കഥ തന്മയത്വത്തോടെ അവതരിപ്പിക്കുന്ന തടവ് എന്ന ചിത്രം 2023 ലെ അവാര്‍ഡിന് അര്‍ഹമായി.ഫാസില്‍ റസാഖാണ് ചിത്രത്തിന്റെ സംവിധായകന്‍.ഫാസിൽ റസാക്ക് രചന നിർവഹിച്ച് ചിത്രത്തിൽ ബീന ചന്ദ്രൻ, പി പി സുബ്രമണ്യൻ, അനിത എൻ എം, ഇസ്ഹാഖ് മുസാഫിർ, ഹരിത പി എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്.

കെട്ടുറപ്പുള്ള തിരക്കഥകൊണ്ടും അനിതരസാധാരണമായ അഭിനയ മികവുകൊണ്ടും സാങ്കേതിക മികവുകൊണ്ടും ആകര്‍ഷകമായ ഉള്ളൊഴുക്ക് എന്ന ചിത്രം ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹമായി. ശ്രീ. ക്രിസ്റ്റോ ടോമിയാണ് ഈ ചിത്രത്തിന്റെ സംവിധായകന്.

‍പ്രശസ്ത ഛായാഗ്രാഹകന്‍ ശ്രീ. കെ.ജി. ജയന്‍ ചെയര്‍മാനും ശ്രീ. പി. സുധീര്‍, ഇന്ദു. വി.എസ് എന്നിവര്‍ അംഗങ്ങളും ശ്രീ. കെ.ജെ. റിജോയ് മെമ്പര്‍ സെക്രട്ടറിയുമായ ജൂറിയാണ് ചിത്രങ്ങള്‍ തെരഞ്ഞെടുത്തത്.50000 രൂപവീതം ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും സി.എന്‍. കരുണാകരന്‍ രൂപകല്പന ചെയ്ത ശില്പവും ആണ് ഇരു ചിത്രങ്ങൾക്കും ലഭിക്കുന്നത്.

Related Articles
Next Story