അതിജീവിതയെന്ന് നമ്മൾ വിളിക്കുന്ന ആ കുട്ടിക്ക് നീതി കിട്ടണം; അന്വേഷണ ഉദ്യോഗസ്ഥരോട് സഹതാപം തോന്നുന്നു: മല്ലിക സുകുമാരൻ

തെറ്റ് ചെയ്യാത്തവരെ കൂടി സംശയത്തിന്റെ നിഴലിൽ കൊണ്ടുവരുന്ന അവസ്ഥ മാറണമെന്ന് നടി മല്ലിക സുകുമാരൻ. ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെ എത്തിയ ലൈംഗികാരോപണങ്ങളോട് പ്രതികരിച്ചാണ് മല്ലിക സുകുമാരൻ. ഈ കേസുകൾ അന്വേഷിക്കുന്ന ഉദ്യോഗസ്ഥരോട് സഹതാപമാണ്. ഇതിപ്പോൾ സർവത്ര കൺഫ്യൂഷനിൽ കിടക്കുകയാണ് എന്നാണ് മല്ലിക പറയുന്നത്.

കുടം തുറന്ന് ഒരു ഭൂതത്തെ പുറത്ത് വിട്ടതുപോലെയായി ഹേമ കമ്മിറ്റി റിപ്പോർട്ട്. അന്വേഷിക്കുന്ന ഉദ്യോഗസ്ഥരോടാണ് ഏറ്റവും സഹതാപവും ബഹുമാനവും. ഒരു സ്ത്രീ 20 കൊല്ലം മുമ്പ് ദുരനുഭവമുണ്ടായിയെന്ന് പറഞ്ഞാൽ അവർക്ക് അന്വേഷിക്കാതിരിക്കാൻ പറ്റില്ല. പക്ഷെ അന്ന് സംഭവിച്ചതിന് തെളിവുണ്ടോ?

ഇടവഴിയിൽ കൂടി പോയപ്പോൾ ഒരാൾ നോക്കിയെന്ന് പറഞ്ഞാൽ അതിന് തെളിവുണ്ടാകുമോ..? പക്ഷെ ഉദ്യോഗസ്ഥർക്ക് കേസ് എടുക്കാതിരിക്കാനാവില്ല. മാത്രമല്ല ഇതിപ്പോൾ സർവത്ര കൺഫ്യൂഷനിൽ കിടക്കുകയാണ്. ജൂഡീഷ്യറിക്ക് ഒരു പരിധി വരെ എന്തെങ്കിലും ചെയ്യാൻ പറ്റുമെന്ന് തോന്നുന്നു.

പത്തും പതിനഞ്ചും വർഷം മുമ്പുള്ള കഥകൾ പുറത്ത് വരുമ്പോൾ ഇത് ആരാണ് ഈ കുട്ടി, എത് സിനിമയിലാണ് അഭിനയിച്ചത് എന്നൊക്കെ അന്വേഷിക്കേണ്ടി വരുന്നു. എനിക്ക് ഇവിടുത്തെ ജുഡീഷ്യറിയിൽ വിശ്വാസമുണ്ട്. തെറ്റ് ചെയ്യാത്തവരെ കൂടി സംശയത്തിന്റെ നിഴലിൽ കൊണ്ടുവരുന്ന അവസ്ഥ ഉണ്ടാകാതിരിക്കാൻ ജൂഡീഷ്യറി മുൻകൈ എടുക്കണം.

എനിക്ക് ഒരു ആഗ്രഹമേയുള്ളു. അതിജീവിതയെന്ന് നമ്മൾ വിളിക്കുന്ന ആ കുട്ടിക്ക് നീതി കിട്ടണം. അങ്ങനൊരു സംഭവം നടന്നുവെന്നത് സത്യമാണ്. പക്ഷെ ആര് ചെയ്തുവെന്നത് എനിക്ക് അറിയില്ല. ആ സംഭവത്തിൽ നിന്നാണല്ലോ ഇതെല്ലാം വന്നത്. ആരോപണങ്ങൾ നിരവധി വന്നപ്പോൾ ജനത്തിന് മനസിലായി പലതും വെറും കഥകളാണെന്ന് എന്നാണ് മല്ലിക പറയുന്നത്.

Related Articles
Next Story