കൽക്കി 2898 എഡി 'മികച്ച ദൃശ്യാനുഭവം'; അല്ലു അര്‍ജുന്‍
നാഗ് അശ്വിന്റെ സംവിധാനത്തിൽ പ്രഭാസ് നായകനായി എത്തിയ സിനിമയാണ് കൽക്കി 2898 എഡി. ഇന്ത്യൻ സിനിമയിലെ വൻ വിജയങ്ങളിൽ ഒന്നായി ചിത്രം മാറിക്കൊണ്ടിരിക്കുകയാണ്. അതേ സമയം റിലീസ് ചെയ്ത് ആദ്യ ദിവസം മുതൽ ചിത്രത്തിന് മികച്ച പ്രേക്ഷക അഭിപ്രായമാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. ഇപ്പോൾ ഇതാ അല്ലു അർജുൻ ചിത്രം കണ്ടതിന് ശേഷം വാനോളം പുകഴ്ത്തിയിരിക്കുകയാണ്.
അല്ലു അര്‍ജുന്‍ തന്‍റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയായാണ് കല്‍ക്കി സംബന്ധിച്ച്കുറിപ്പ് പങ്കുവച്ചത്. 'മികച്ച ദൃശ്യാനുഭവം' നൽകിയതിന് കൽക്കി 2898 എഡി ടീമിനെ അല്ലു അർജുൻ അഭിനന്ദിക്കുന്നു. കൽക്കി 2898 എഡി ടീമിന് അഭിനന്ദനങ്ങൾ. മികച്ച ദൃശ്യാനുഭവം. ഇതിഹാസത്തില്‍ ശക്തമായ സാന്നിധ്യമായ പ്രിയ സുഹൃത്ത് പ്രഭാസിനോട് ബഹുമാനം തോന്നുന്നു. ആ സൂപ്പർ ഹീറോയിക്ക് സാന്നിധ്യം രസകരമായിരുന്നു.” അല്ലു പറഞ്ഞു. “അമിതാഭ് ബച്ചൻ ജി, നിങ്ങൾ ശരിക്കും പ്രചോദനമാണ്. വാക്കുകളില്ല, ഞങ്ങളുടെ കമൽ ഹാസൻ സാറിന് അഭിനന്ദനങ്ങൾ, പ്രിയ ദീപിക പദുക്കോൺ, നിങ്ങൾ അനായാസമായി ആ റോള്‍ അവതരിപ്പിച്ചു" മറ്റു അഭിനേതാക്കളെയും അല്ലു അർജുൻ അഭിനന്ദിച്ചു.
ഛായാഗ്രഹണം, കല, വസ്ത്രങ്ങൾ, എഡിറ്റിംഗ് വിഭാഗം, മേക്കപ്പ് ആർട്ടിസ്റ്റുകൾ എന്നിവയുൾപ്പെടെ മുഴുവൻ സാങ്കേതിക ടീമിനെയും അല്ലു അഭിനന്ദിച്ചു. "ആഗോള ചലച്ചിത്ര കാഴ്ചകളുടെ നിലവാരവുമായി പൊരുത്തപ്പെടുന്ന ഇന്ത്യയിൽ നിന്നുള്ള നമ്മുടെ സാംസ്കാരിക സംവേദനക്ഷമതയുള്ള ഒരു സിനിമ" എന്നാണ് കുറിപ്പിന്‍റെ അവസാനം അല്ലു അര്‍ജുന്‍ ചിത്രത്തെ വിശേഷിപ്പിക്കുന്നത്. വൈജയന്തി മൂവീസിന്റെ ബാനറിൽ സി അശ്വിനി ദത്ത് നിർമ്മിച്ച ഈ ബ്രഹ്മാണ്ഡ ചിത്രം ദുല്‍ഖര്‍ സല്‍മാന്‍റെ വേഫറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിച്ചത്.
അതേ സമയം ചിത്രത്തിനെ പ്രശംസിച്ചു നിരവധി താരങ്ങളും രംഗത്തു വന്നിരുന്നു. രജനികാന്ത് ഉൾപ്പടെയുള്ള നിരവധി താരങ്ങൾ ചിത്രം ഇതിനോടകം കണ്ടു കഴിഞ്ഞു. ചിത്രം നാലു ദിവസം കൊണ്ട് 555 കോടിയിലധികം നേടിയിരുന്നു. പ്രഭാസിന്റെ ഒരു മടങ്ങി വരവായിട്ടാണ് സിനിമ പ്രേമികൾ ചിത്രത്തെ കാണുന്നത്. ചിത്രത്തിൽ അമിതാബ് ബച്ചൻ, കമൽ ഹസൻ , തുടങ്ങിയ ഒരു വല്യ താര നിര തന്നെ ഉണ്ട്.