കാന്താര 2 ഷൂട്ടിംഗ് പൂര്‍ത്തിയായി
കാന്താര 2 ഷൂട്ടിംഗ് പൂര്‍ത്തിയായി
'ഇത് കേവലം ഒരു സിനിമയല്ല... ഇത് ഒരു ശക്തിയാണ്'. 'കാന്താര'യുടെ ലോകത്തേക്ക് സ്വാഗതം.. ഋഷഭ് ഷെട്ടിയുടെ വാക്കുകള്‍ കാന്താര 2 - വിന്റെ കാത്തിരിപ്പുകള്‍ക്ക് ആവേശം നല്‍കുന്നു.. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയതായി അറിയിച്ചുകൊണ്ട് ഹോംബാലെ ഫിലിംസ് ചിത്രത്തിന്റെ മേക്കിങ് വീഡിയോയും പുറത്തുവിട്ടു.
125 കോടി ബഡ്ജറ്റില്‍ നിര്‍മിച്ചിരിക്കുന്ന കാന്താര ചാപ്റ്റര്‍ 1 2025 ഒക്ടോബര്‍ 2 ന് തീയേറ്ററുകളില്‍ എത്തും.
ഋഷഭ് ഷെട്ടി രചനയും, സംവിധാനവും നിര്‍വഹിച്ച്, അദ്ദേഹം തന്നെ നായകനായെത്തിയ ചിത്രമായിരുന്നു കാന്താര. സാധാരണ കന്നഡ സിനിമകളെ അപേക്ഷിച്ച് വളരെ ചെറിയ ബഡ്ജറ്റില്‍ അന്ന് ബിഗ് സ്‌ക്രീനുകളില്‍ എത്തിയ ഈ ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടി. പിന്നീട് ഈ ചിത്രത്തിന്റെ ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, ഇംഗ്ലീഷ്, തുളു പതിപ്പുകള്‍ ഇതിന്റെ അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കുകയും, അവയെല്ലാം തന്നെ ബോക്‌സ്ഓഫീല്‍ മികച്ച കളക്ഷനുകള്‍ നേടുകയും ചെയ്തു.
ഇക്കാരണങ്ങള്‍ കൊണ്ടെല്ലാം തന്നെ രാജ്യമൊട്ടാകെയുള്ള സിനിമാ പ്രേക്ഷകര്‍ വളരെ ആകാംക്ഷയോടെയാണ് കാന്താര 2-നെ കാത്തിരിക്കുന്നത്. മൂന്ന് വര്‍ഷമാണ് ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കാനായി വേണ്ടിവന്നത്. 2022-ല്‍ പുറത്തിറങ്ങിയ കാന്താരയുടെ പ്രീക്വലായാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തുക. മുന്‍പ് പുറത്തുവിട്ട രണ്ടാം ഭാഗത്തിന്റെ അനൗണ്‍സ്‌മെന്റ് പോസ്റ്ററും ടീസറും ട്രെന്‍ഡിങ് ആവുകയും, ആരാധകര്‍ക്കിടയില്‍ ഒരുപാട് ചര്‍ച്ചകള്‍ക്ക് വഴിവെയ്ക്കുകയും ചെയ്തിരുന്നു. 16 കോടി ബജറ്റില്‍ എത്തിയ ആദ്യ പതിപ്പില്‍ ഋഷഭ് ഷെട്ടി അഭിനയിച്ചത് ഡബിള്‍ റോളുകളില്‍ ആയിരുന്നു, കൂടാതെ സപ്തമി ഗൗഡ, കിഷോര്‍, അച്യുത് കുമാര്‍ തുടങ്ങിയവരും പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തു.ഒരു വന്‍ ക്യാന്‍വാസിലാണ് കാന്താര ചാപ്റ്റര്‍ 1 ഒരുക്കിയിരിക്കുന്നത്. ഇതിലെ സംഘട്ടന, യുദ്ധ രംഗങ്ങള്‍ അതിന്റെ പൂര്‍ണ്ണതയില്‍ ചിത്രീകരിക്കാന്‍ ഇന്ത്യയിലെ തന്നെ പ്രമുഖരായ പല സ്റ്റണ്ട് മാസ്റ്റര്‍മാരും ഒന്നിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
പി ആര്‍ ഓ മഞ്ജു ഗോപിനാഥ്.
https://youtu.be/aopemV_lclI?si=P3ZuRQXXiVs5loii