എൻഫോഴ്‌സ്‌മെന്റ് ഓഫീസർ കീരിക്കാടൻ ജോസ് ആയ കഥ !

1980 കാലഘട്ടത്തിൽ ശ്രീനഗറിൽ നിന്ന് മദ്രാസിലേക്ക് ഒരു എൻഫോഴ്‌സ്‌മെന്റ് ഓഫീസർ സ്ഥലം മാറ്റം ലഭിച്ചു വരുന്നു. മദ്രാസിലെ അയാളുടെ എൻഫോഴ്‌സ്‌മെന്റ് ഓഫീസിന്റെ മുന്നിൽ അന്ന് ഒരു കമ്പനി പ്രവർത്തിക്കുണ്ടായിരുന്നു. ആ കമ്പനിയിലെ സൂപ്രണ്ടിന്റെ ഭാര്യയുടെ അനിയൻ തമിഴ് സിനിമ നിർമ്മാതാവായിരുന്നു. എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥനെ കണ്ട് എന്തോ പ്രേത്യേകത തോന്നിയ അയാൾ ആ യുവാവുമായി ഒരിടം വരെ പോകുന്നു. 'ആൺങ്കളൈ നമ്പത്തെയ്' എന്ന ചിത്രത്തിന്റെ ലൊക്കേഷൻ ആയിരുന്നു അത്. അങ്ങനെ ആ അയാൾ ആ ചിത്രത്തിലെ ഒരു രംഗം അഭിനയിക്കുന്നു. ഒരു തമിഴ് നടൻ ചെറുതെന്ന് പറഞ്ഞു വേണ്ടെന്ന് വെച്ച വേഷമായിരുന്നു അത്. പിന്നീട് അഭിനയ രംഗത്ത് സജീവമാകാൻ ആ കലാകാരൻ തീരുമാനിക്കുന്നു. കാണുമ്പോൾ വളരെ സീരിയസ് ആയ ആളാണെന്നു തോന്നുന്നത് കൊണ്ടാവാം 1988 റിലീസായ കെ മധുവിന്റെ 'മൂന്നാംമുറ' എന്ന മലയാള ചിത്രത്തിൽ അയാൾ ഗുണ്ടയുടെ വേഷം ചെയുന്നു. മോഹൻലാൽ, സുരേഷ് ഗോപി, ലാലു അലക്സ് എന്നിവരായിരുന്നു മൂന്നാമുറയിലെ നായകന്മാർ. ഈ സിനിമയുടെ ചിത്രീകരണ വേളയിൽ കലാധരൻ അയാളെ മറ്റൊരു സിനിമയിലേക്ക് വിളിക്കുന്നു. സംവിധായകൻ സിബിമലയിലും ലോഹിതദാസും ചെയ്യുന്ന മറ്റൊരു ചിത്രം . ലോഹി അയാളെ കണ്ടപ്പോൾ തന്നെ തല ആട്ടി ഇയാൾ തന്നെ മതിയെന്ന് പറഞ്ഞു. പിന്നീട് കലാധരൻ പറഞ്ഞു' തങ്ങൾ ഈ ചിത്രത്തിൽ അഭിനയിക്കണം,വലിയൊരു വേഷമാണ്. കീരിക്കാടൻ ജോസ് എന്നാണ് കഥാപാത്രത്തിന്റെ പേര്. കിരീടം സിനിമയിലെ സേതുമാധവൻ വിറപ്പിച്ച കീരിക്കാടൻ ജോസ് എന്ന കഥാപാത്രത്തിലേക്ക് മോഹൻ രാജ് എന്ന ഉയർന്ന എൻഫോഴ്‌സ്‌മെന്റ് ഓഫീസർ എത്തിപ്പെട്ട രസകരമായ കഥയാണിത്.

കീരിക്കാടൻ ജോസിന് ശേഷം ഒരുപാട് വേഷങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും മോഹൻ രാജ് എന്ന നടൻ ഇന്നും എന്നും അറിയപ്പെടുന്നത് കീരിക്കാടൻ ജോസ് ആയിട്ടായിരികും. 1988-ൽ കിരീടത്തിൽ അനുവാദമില്ലാതെ അഭിനയിച്ചതിന് അദ്ദേഹത്തെ എൻഫോഴ്‌സ്‌മെന്റിൽ നിന്ന് പുറത്താക്കിയിരുന്നു. കിരീടത്തിലെ അഭിനയത്തിന് മോഹൻലാലിന് ദേശിയ അവാർഡ് ലഭിച്ചിരുന്നു. എന്നാൽ സേതുമാധവൻ എന്ന കഥാപാത്രത്തിന്റെ നിസ്സഹായതയും വൈകാരിക തലങ്ങളും പ്രേക്ഷകന്റെ കണ്ണു നിറയ്ക്കുന്നുണ്ടെങ്കിൽ അതിനു കാരണം കീരിക്കാടൻ ജോസ് എന്ന കഥാപാത്രത്തിന്റെ ഭീകരതയും വില്ലനിസവും കൊണ്ടാണെന്ന് ഉറച്ചു പറയാം. അതുകൊണ്ട് തന്നെയാണ് ഒരു അഭിമുഖത്തിൽ സംവിധായകൻ സിബി മലയിൽ പറഞ്ഞത് " കീരിക്കാടൻ ജോസ് ഇല്ലെങ്കിൽ സേതുമാധവൻ ഇല്ല" എന്ന്

1988 മുതൽ 2022 വരെ മലയാളം ,തമിഴ് തെലുങ്ക് , ഹിന്ദി എന്നി ഭാഷകളിൽ 100 അധികം ചിത്രങ്ങൾ. 2007- ൽ 'ഹലോ ' ചിത്രത്തിലെ പട്ടാമ്പി രവി എന്ന കഥാപാത്രത്തിലൂടെ തനിക്ക് വില്ലൻ വേഷം മാത്രമല്ല കോമഡി വേഷവും നന്നായി വഴങ്ങുമെന്ന് മോഹൻ രാജ് തെളിയിച്ചു. 2022-ൽ പുറത്തിറങ്ങിയ മമ്മൂട്ടി നായകനായ നിസാം ബഷീർ സംവിധാനം ചെയ്ത 'റോഷാക്കി'ലായിരുന്നു അവസാനമായി മോഹൻരാജ് അഭിനയിച്ചത്. ഈ കഴിഞ്ഞ ഒക്ടോബര് 3നായിരുന്നു മോഹൻ രാജ് അന്തരിച്ചത്. പാർകിൻസൺ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം.

എത്ര സിനിമകൾ ചെയ്താലും എന്നും മായാതെ നിൽക്കുന്ന ഒരു കഥാപാത്രം മാത്രം മതി കീരിക്കാടൻ ജോസ് എന്ന മോഹൻ രാജിനെ മലയാളി പ്രേക്ഷകർ ഓർമ്മിയ്ക്കാൻ.

Related Articles
Next Story