രജനികാന്തിന്റെ 'കൂലി'യിൽ സൗബിനും; ആവേശത്തിൽ മലയാളികൾ, സ്വാഗതംചെയ്ത് ലോകേഷ് കനകരാജ്
സൂപ്പർസ്റ്റാർ രജനികാന്ത് ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലോകേഷ് കനകരാജിന്റെ സംവിധാനത്തിലൊരുങ്ങുന്ന കൂലി. അല്പം താമസിച്ചാണ് വരുന്നതെങ്കിലും ചിത്രത്തിന്റെ ഓരോ അപ്ഡേറ്റുകളും ആവേശത്തോടെയാണ് ആരാധകർ സ്വീകരിക്കുന്നത്. ചിത്രവുമായി ബന്ധപ്പെട്ട് ഏറ്റവും പുതുതായി വന്നിരിക്കുന്ന വാർത്ത മലയാളികളും ഏറ്റെടുത്തിരിക്കുകയാണ്.
കൂലിയിലേക്ക് പുതുതായി സൗബിൻ ഷാഹിർ കൂടി എത്തിയിരിക്കുന്നു എന്നതാണ് പുതിയ വാർത്ത. സൗബിനെ കൂലിയിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് ലോകേഷ് കനകരാജ് ക്യാരക്റ്റർ പോസ്റ്റർ പങ്കുവെച്ചു. ദയാൽ എന്ന കഥാപാത്രത്തെയാണ് സൗബിൻ അവതരിപ്പിക്കുന്നത്. ഈ കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തിറക്കി. സിഗരറ്റ് കടിച്ചുപിടിച്ച് കയ്യിലെ സ്വർണവാച്ചിലേക്ക് രൂക്ഷമായി നോക്കുന്ന സൗബിനെയാണ് പോസ്റ്ററിൽ കാണാനാവുക.
നേരത്തേ ചിത്രത്തിന്റേതായി വന്ന ടൈറ്റിൽ ടീസർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരു സ്വര്‍ണക്കള്ളക്കടത്ത് കേന്ദ്രത്തില്‍ രജനികാന്തിന്റെ കഥാപാത്രം വന്നെത്തുന്നതും വില്ലന്‍മാരെ അടിച്ചൊതുക്കുന്നതുമാണ് ടീസറില്‍ അവതരിപ്പിച്ചിരിക്കുന്നത്. സണ്‍ പിക്‌ചേഴ്‌സാണ് നിര്‍മാണം.അനിരുദ്ധാണ് സംഗീതസംവിധാനം. ലോകേഷ് കനകരാജ് ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായ അന്‍പറിവ് ടീം സംഘട്ടന സംവിധാനമൊരുക്കുന്നു.