ലാപതാ ലേഡീസ്' സുപ്രിം കോടതിയിൽ പ്രദർശിപ്പിക്കും; ചിത്രം കാണാൻ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡും ആമിർ ഖാനും
ഡൽഹി: വൻതാരനിരകളോ ആരവങ്ങളോ ഇല്ലാതെ പ്രക്ഷേകരെയും കയ്യിലെടുത്ത ബോളിവുഡ് ചിത്രം 'ലാപതാ ലേഡീസ്' ഇന്ന് സുപ്രിം കോടതിയിൽ പ്രദർശിപ്പിക്കും. ജഡ്ജിമാർക്കും അവരുടെ കുടുംബങ്ങൾക്കും മറ്റ് സുപ്രിം കോടതി ജീവനക്കാർക്കും വേണ്ടിയാണ് ചിത്രം പ്രദർശിപ്പിക്കുന്നത്.
ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡും ചിത്രം കാണാനുണ്ടാകും. പ്രശസ്ത നടനും ചിത്രത്തിൻറെ നിർമാതാവുമായ ആമിർ ഖാനും സംവിധായക കിരൺ റാവുവും സ്ക്രീനിംഗിൽ പങ്കെടുക്കും. അഡ്മിനിസ്ട്രേറ്റീവ് ബിൽഡിംഗ് കോംപ്ലക്സിലെ സി-ബ്ലോക്കിലുള്ള ഓഡിറ്റോറിയത്തിൽ വൈകിട്ട് 4.15മുതൽ 6.20 വരെയായിരിക്കും പ്രദർശനം.
കഴിഞ്ഞ മാർച്ച് 1നാണ് ചിത്രം തിയറ്ററുകളിൽ പ്രദർശിപ്പിച്ചത്. പ്രതീക്ഷിച്ചതുപോലെ തിയറ്ററുകളിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ ചിത്രത്തിന് സാധിച്ചില്ല. എന്നാൽ ഒടിടിയിലെത്തിയതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. ഭാഷാഭേദമന്യേ ലാപതാ ലേഡീസിനെ എല്ലാത്തരത്തിലുള്ള പ്രേക്ഷകരും ഏറ്റെടുക്കുകയായിരുന്നു. ബിപ്ലവ് ഗോസ്വാമിയുടെ ചെറുകഥയെ ആസ്പദമാക്കിയാണ് കിരൺ റാവു ചിത്രമൊരുക്കിയത്. ഉത്തരേന്ത്യൻ ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുങ്ങിയ ചിത്രം ഫൂൽ കുമാരി, ജയ ത്രിപാദി എന്നിവരുടെ ജീവിതങ്ങളിലൂടെയാണ് കടന്നുപോകുന്നത്. വിവാഹത്തിൽ കുരുങ്ങിപോകുന്ന ഗ്രാമീണ സ്ത്രീകളുടെ ജീവിതത്തിലേക്ക് തുറക്കുന്ന കണ്ണാടിയായിരുന്നു ചിത്രം.