എന്തിനാണ് നിങ്ങൾ മലയാളി നടിമാരുടെ അടുത്തേക്ക് പോകുന്നത്, തമിഴിൽ ഉള്ളവരെ വച്ച് ചെയ്തൂടെ?’
തമിഴിലെ യുവനടിമാരെല്ലാം തന്റെ കൂടെ അഭിനയിക്കാൻ വിസമ്മതിച്ചപ്പോഴാണ് ആ തീരുമാനത്തിലേക്ക് എത്തുന്നത്.

തമിഴ് സിനിമയിൽ തമിഴ് നടിമാരെ കിട്ടാനില്ലേ? എന്തിനാണ് യുവതാരങ്ങൾ എപ്പോഴും മലയാളി നടിമാരെ അന്വേഷിച്ച് പോകുന്നത്? ഈ ചോദ്യങ്ങൾക്കുള്ള വ്യക്തമായ മറുപടി നൽകി രംഗത്ത് എത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ കെൻ കരുണാസ്.
തന്റെ പുതിയ ചിത്രം ‘യൂത്ത്’ പ്രമോട്ട് ചെയ്യുന്ന വേളയിൽ, തമിഴിലെ മുൻനിര യുവനടിമാർ തന്റെ കൂടെ അഭിനയിക്കാൻ തയാറായില്ല എന്ന സത്യം അദ്ദേഹം തുറന്നുപറഞ്ഞു. മലയാളി താരം അനിഷ്മ അനിൽകുമാറിനെ തിരഞ്ഞെടുത്തതിന് പിന്നിൽ വലിയൊരു അലച്ചിലിന്റെ കഥയുണ്ടെന്നും കെൻ വെളിപ്പെടുത്തുന്നു.
തമിഴിലെ യുവനടിമാരെല്ലാം തന്റെ കൂടെ അഭിനയിക്കാൻ വിസമ്മതിച്ചപ്പോഴാണ് മലയാളത്തിലേക്ക് നോക്കുന്നതെന്നും , അവിടെ തനിക്ക് ലഭിച്ചത് കണ്ണുകൾ കൊണ്ട് കഥ പറയുന്ന ഒരു മികച്ച നടിയെയാണെന്നും കെൻ പറയുന്നുണ്ട്.അനിഷ്മ അനിൽകുമാറിനെ ഒപ്പമിരുത്തി കെൻ നടത്തിയ ഈ വെളിപ്പെടുത്തൽ ഇപ്പോൾ തമിഴ്-മലയാളം സിനിമാ ലോകത്ത് വൻ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്.
‘‘മലയാളി നടിമാർ അതി ഗംഭീരമായി അഭിനയിക്കും. പലരും തന്നോട് ചോദിക്കാറുണ്ട്, ‘എന്തിനാണ് നിങ്ങൾ എപ്പോഴും മലയാളി നടിമാരുടെ അടുത്തേക്ക് പോകുന്നത്, തമിഴിൽ ഉള്ളവരെ വച്ച് ചെയ്തൂടെ?’ എന്ന്.
സത്യം പറഞ്ഞാൽ തമിഴിൽ ഒരു നായികയും എന്റെ കൂടെ അഭിനയിക്കാൻ തയ്യാറല്ലായിരുന്നു. ഞാൻ ഒരുപാട് നായികമാരെ സമീപിച്ചു.
ഇപ്പോൾ സിനിമയിൽ സജീവമായ പ്രായം കുറഞ്ഞ നടിമാരോട് എല്ലാം ചോദിച്ചു. പക്ഷേ ആരും തയാറായില്ല.
ഞാൻ ആവശ്യപ്പെടുന്ന കഥാപാത്രം ചെയ്യാൻ അവർക്ക് താല്പര്യമില്ലായിരുന്നു. ‘ഞാൻ എന്തിന് അത് ചെയ്യണം, എനിക്ക് ഇത് ചെയ്തൂടെ’ എന്നൊക്കെയാണ് അവർ ചോദിച്ചത്.
എനിക്ക് ആരോടും ഈഗോ ഇല്ല.
ഒരു പ്രമുഖ നടി അഭിനയിക്കാൻ പറ്റില്ല എന്ന് പറഞ്ഞാൽ അത് അവരുടെ ഇഷ്ടം. എനിക്ക് വേണ്ടത് ആ കഥാപാത്രത്തെ ഇഷ്ടപ്പെട്ട് വരുന്ന ഒരാളെയാണ്.
അങ്ങനെ നായികയെ തിരഞ്ഞ് മടുത്ത ഒരു ദിവസം ഞാൻ ഡയറക്ടർ സുരേഷ് സാറിനെ കണ്ട് സങ്കടം പറഞ്ഞു.
‘സർ, ഒരു നായികയെ പോലും കിട്ടുന്നില്ല, ചോദിക്കുന്നവർ ഒന്നും സമ്മതിക്കുന്നില്ല’ എന്ന് പറഞ്ഞു.
ഉടനെ അദ്ദേഹം എന്നെ വിളിച്ച് സിറൈ സിനിമയിലെ പാട്ട് കാണിച്ചു തന്നു. ‘ഈ പെൺകുട്ടി അഭിനയിക്കുമോ?’ എന്ന് താൻ ചോദിച്ചപ്പോൾ, അദ്ദേഹം പറഞ്ഞു 'അവർ തകർത്ത് അഭിനയിക്കും'.
കണ്ണുകൊണ്ട് കഥ പറയുന്ന ആളാണെന്ന് പറഞ്ഞ് വലിയ ബിൽഡപ്പ് ഒക്കെ തന്നു.
പക്ഷേ അവർ കഥ കേൾക്കാൻ വന്നപ്പോൾ ഒരു കൊച്ചു കുട്ടിയെപ്പോലെയാണ് തോന്നിയത്. കഥ മുഴുവൻ കേട്ടു കഴിഞ്ഞപ്പോൾ 'വളരെ നന്നായിട്ടുണ്ട്' എന്ന് പറഞ്ഞു.
ഒരു ദിവസം സമയം ചോദിച്ചു, അടുത്ത ദിവസം തന്നെ സിനിമ ചെയ്യാമെന്ന് സമ്മതിച്ചുവെന്നും കെൻ പറയുന്നു.
നടൻ കരുണാസിന്റെ മകൻ കെൻ കരുണാസ് ആദ്യമായി രചനയും സംവിധാനവും നിർവഹിച്ച് നായകനായി എത്തുന്ന ചിത്രമാണ് 'യൂത്ത്'. 2026 മാർച്ച് 19-ന് പുറത്തിറങ്ങുന്ന ഈ ചിത്രം കൗമാരപ്രായക്കാരുടെ വൈകാരികമായ യാത്രയും സ്കൂൾ ജീവിതവും പ്രമേയമാക്കിയുള്ള ഒരു 'കമിങ് ഓഫ് ഏജ്' ഡ്രാമയാണ്.
15 വയസ്സുകാരനായ പ്രവീൺ എന്ന കഥാപാത്രത്തിലൂടെ, കൗമാരത്തിലെ പ്രണയവും സൗഹൃദവും ജീവിതത്തിലെ വെല്ലുവിളികളും ചിത്രം ദൃശ്യവൽക്കരിക്കുന്നു. മലയാളി താരം അനിഷ്മ അനിൽകുമാർ നായികയാകുന്ന ഈ ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ജി.വി. പ്രകാശ് കുമാറാണ്.
സുരാജ് വെഞ്ഞാറമൂട്, ദേവദർശിനി തുടങ്ങിയ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
