ആരോപണങ്ങളിൽ കൊമ്പു കോർത്ത് ലിസ്റ്റിനും സാന്ദ്ര തോമസും

നടന്റെ പേര് പറയാതെ നടത്തിയ പരാമർശത്തിനെതിരെ ലിസ്റ്റിനെ കടന്നാക്രാമിച്ച് സാന്ദ്ര തോമസ്. ലിസ്റ്റിൻ നടത്തിയത് ഭീഷണിപ്രസംഗം ആണെന്നും അത് ഗൂഢാലോചനയുടെ ഭാഗമാണെന്നും ആണ് സാന്ദ്രയുടെ ആരോപണം. കൂടാതെ മലയാള സിനിമയുടെ സമസ്‌ത മേഖലകളും കൈപ്പിടിയിൽ ഒതുക്കണമെന്ന താൽപര്യമാണ് പിന്നിലെന്നും സാന്ദ്ര ആരോപിച്ചു. ലിസ്‌റ്റിൻ ഉദ്ദേശിച്ചത് നടൻ നിവിൻ പോളിയെയാണെന്ന തരത്തിൽ നവമാധ്യമങ്ങളിൽ ചർച്ച കനക്കുകയാണ്. പേര് പറയാതെയുള്ള ലിസ്റ്റിന്റെ ആരോപണം പല നടന്മാരെയും സംശയത്തിൽ നിർത്തുന്നതിന് തെളിവാണ് നിവിനെതിരെ നടക്കുന്ന ആരോപണങ്ങൾ. പരാതി നൽകിയാൽ പരിശോധിക്കുമെന്നാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ വൈസ് പ്രസിഡൻ്റ് ജി. സുരേഷ്‌കുമാർ പ്രതികരിച്ചത്.
ദിവസം രണ്ട് കഴിഞ്ഞിട്ടും ആ നടൻ ആരാണെന്ന് മാത്രം ലിസ്‌റ്റിൻ പറഞ്ഞിട്ടില്ല. നിവിൻ പോളിയാണ് ആ നടൻ എന്ന ചർച്ചയിൽ പ്രതികരിക്കാൻ നിവിനും തയാറായിട്ടില്ല. നടന്റെ പേര് ഇതുവരെ തുറന്നു പറയാത്തത് പലരേയും സംശയത്തിൽ നിർത്തുന്നതായി സാന്ദ്ര നേരത്തെ തന്നെ വിമർശനം ഉന്നയിച്ചിരുന്നു.തമിഴ്‌നാട്ടിലെ വട്ടിപ്പലിശക്കാരിൽ നിന്ന് വൻതുക വാങ്ങി അവരുടെ ഏജന്റായി ലിസ്‌റ്റിൻ കൂടിയ പലിശയ്ക്ക് മലയാള സിനിമയിൽ പണം മുടക്കുന്നുവെന്നാണ് സാന്ദ്രയുടെ ആരോപണം.
ലിസ്റ്റിൻ നടത്തിയ ഭീഷണി പ്രസംഗം ഗൂഢാലോചനയുടെ ഭാഗമാണ്. വട്ടിപലിശക്കാരൻ്റെ താൽപര്യം കാരണം ഒരു നിർമാതാവിനു നേരിട്ടു പോയി സിനിമയുടെ സാറ്റലൈറ്റ് റൈറ്റ് വിൽക്കാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്നും സാന്ദ്ര ഫെയ്‌സ്ബുക്കിൽ പറഞ്ഞു. ഇതിനിടെ വട്ടിപ്പലിശ ഏർപ്പാട് ശരിയാണെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് ജി.സുരേഷ്‌കുമാറും സാന്ദ്രയുടെ ആരോപണം ഗൗരവമുള്ളതെന്ന് വിനയനും പ്രതികരിച്ചു.
എന്നാൽ ആ നടൻ നിവിനാണെന്ന് പറഞ്ഞിട്ടില്ല എന്നാണ് ലിസ്റ്റിന്റെ പ്രതികരണം.ആരെക്കുറിച്ചാണ് പറഞ്ഞതെന്ന് ആ നടനും ടീമിലുള്ളവർക്കും അറിയാം. പ്രശ്നം പരിഹരിക്കപ്പെട്ടില്ലെങ്കിൽ സംഘടനയെ സമീപിക്കാനാണ് തീരുമാനമെന്നും ലിസ്റ്റിൻ പറഞ്ഞു. കൂടാതെ വട്ടി പലിശക്ക് പണം വാങ്ങി അവരുടെ ഏജന്റായി പ്രവർത്തിക്കുന്നയാൾ എന്ന സാന്ദ്രയുടെ ആരോപണം തള്ളിക്കളഞ്ഞ ലിസ്റ്റിൻ സാന്ദ്രയ്ക്ക് കുശുമ്പും നിരാശയും ആണെന്നും മിണ്ടാതിരിക്കുന്നത് സ്ത്രീയെന്ന പരിഗണനയിൽ ആണെന്നും പറഞ്ഞു.