'ശരിക്കും ത്രിൽ അടിപ്പിച്ച പടം'; ‘കിഷ്കിന്ധാ കാണ്ഡ' ത്തെ പ്രശംസിച്ച് മേജർ രവി
ആസിഫ് അലിയും വിജയരാഘവനും പ്രധാന വേഷങ്ങളിലെത്തിയ ‘കിഷ്‍കിന്ധാ കാണ്ഡം’ തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പിന്തുണയോടെ മുന്നേറുകയാണ്. നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്തു വന്നത്. ഇപ്പോഴിതാ സിനിമയെ പ്രശംസിച്ചുകൊണ്ട് സംവിധായകനും നടനുമായ മേജർ രവി ഫെയ്സ്ബുക്കിൽ കുറിച്ചിരിക്കുന്ന വാക്കുകള്‍ ശ്രദ്ധേയമാവുകയാണ്.
‘‘ഓണാഘോഷം കഴിഞ്ഞിട്ടില്ല. ഞാൻ ‘കിഷ്കിന്ധാ കാണ്ഡം’ സിനിമ കണ്ടു. ശരിക്കും ത്രിൽ അടിപ്പിച്ച ഒരു പടം. ഞാൻ അഭിനയിച്ചെങ്കിലും പടം കണ്ടപ്പോഴാണ് അതിന്‍റെ ഒരു തീവ്രത മനസിലായത്. സൂപ്പർ അഭിനയം കുട്ടേട്ടാ, ആസിഫ്, അപർണ എല്ലാരും തകർത്തു. ഓണം ഈ സിനിമയോടൊപ്പം ആസ്വദിക്കൂ. ഫിലിം ബൈ എ സൂപ്പർ ഡയറക്ടർ ദിൻജിത്ത് ആൻഡ് ടീം. സൂപ്പർ മക്കളെ. പൊളിച്ചു. എല്ലാവരോടും സ്നേഹം’’–മേജർ രവി ഫേസ്ബുക്കിൽ കുറിച്ചു.
ഹൗസ് ഫുൾ ഷോകളുമായി ഓണം റിലീസുകളിൽ ഏറെ പ്രേക്ഷക സ്വീകാര്യത നേടിയിരിക്കുന്ന ചിത്രം ഗുഡ്‌വിൽ എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ജോബി ജോർജ് നിർമിച്ച് ദിൻജിത്ത് അയ്യത്താനാണ് സംവിധാനം ചെയ്തിരിക്കുന്നത്. സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം ബാഹുൽ രമേഷ് ആണ്. ആസിഫ് അലിയും വിജയരാഘവനും മത്സരിച്ചഭിനയിച്ചിരിക്കുന്ന ചിത്രത്തിൽ അപർണ ബാലമുരളിയും ജഗദീഷും ശ്രദ്ധേയ വേഷങ്ങളിലുണ്ട്.