‘എമർജൻസി’ സിനിമയിൽ അഭിനയിക്കുന്ന മലയാളി താരം വിശാഖ് നായർക്ക് വധ ഭീഷണി

Malayalam actor Visakh Nair, who is acting in the movie 'Emergency', received death threats

കങ്കണ റണൗട്ട് നായികയായെത്തുന്ന ‘എമർജൻസി’ എന്ന സിനിമയിൽ അഭിനയിക്കുന്ന മലയാളി താരം വിശാഖ് നായർക്ക് വധ ഭീഷണി. ഇന്ദിര ഗാന്ധിയുടെ ജീവിത കഥ പറയുന്ന ചിത്രത്തിൽ സഞ്ജയ് ഗാന്ധിയുടെ വേഷമാണ് വിശാഖ് അവതരിപ്പിക്കുന്നത്. തന്റെ കഥാപാത്രവുമായി ബന്ധപ്പെട്ടാണ് ഭീഷണികളെന്ന് വിശാഖ് സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.


‘‘കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എനിക്ക് വധ ഭീഷണി നേരിടുകയാണ്. ‘എമർജൻസി’ സിനിമയിൽ ഞാൻ അവതരിപ്പിക്കുന്ന കഥാപാത്രം ജർനയ്ൽ സിങ് ഭിന്ദ്രാൻവാലെയുടേതാണെന്നു തെറ്റായി വിശ്വസിച്ചുകൊണ്ടാണ് ഒരുകൂട്ടം ആളുകൾ ഭീഷണി സന്ദേശം അയയ്ക്കുന്നത്.

സഞ്ജയ് ഗാന്ധിയുടെ വേഷമാണ് അവതരിപ്പിക്കുന്നതെന്ന് ആവർത്തിച്ചു പറയുന്നു. വെറുപ്പും വിദ്വേഷവും പടർത്തുന്നതിനു മുമ്പ് കാര്യങ്ങളുടെ സത്യാവസ്ഥ കൂടി എല്ലാവരും മനസ്സിലാക്കണമെന്ന് വിനീതമായി അഭ്യർഥിക്കുന്നു.’’–വിശാഖ് നായർ കുറിച്ചു.

ബോളിവുഡ് നടിയും ലോക്സഭയിലെ ബിജെപി എംപിയുമായ കങ്കണ സംവിധാനം ചെയ്യുന്നുവെന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ട സിനിമയാണ് 'എമർജൻസി'. ചിത്രത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ആയിട്ടാണ് കങ്കണ വേഷമിടുന്നത്. സിനിമയിൽ ചരിത്രസംഭവങ്ങൾ തെറ്റായി ചിത്രീകരിക്കുന്നുവെന്നും അതുവഴി സിഖ് സമുദായത്തിന്റെ സൽപ്പേരിന് കളങ്കമുണ്ടാക്കുകയും വിദ്വേഷം പ്രചരിപ്പിക്കുകയും ചെയ്യുന്നുവെന്ന് ആരോപിച്ച് നിരവധിപേർ രംഗത്തുവന്നിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ശിരോമണി ഗുരുദ്വാര പർബന്ധക് കമ്മിറ്റി ഹർജിയും നൽകി നൽകി.

തങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തിയതിനാൽ ട്രെയിലറിലെ രം​ഗങ്ങൾ നീക്കം ചെയ്യണമെന്ന് അവകാശപ്പെട്ട് റനൗത്തിന് വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ട്. ചിത്രം സിഖ് സമുദായത്തിന്റെ സൽപ്പേരിന് കളങ്കമുണ്ടാക്കുകയും വിദ്വേഷം പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ടെന്നും ഹർജിക്കാർ പറയുന്നു. നേരത്തെ പഞ്ചാബിലെ മുൻ ഭരണകക്ഷിയായ ശിരോമണി അകാലിദൾ ചിത്രത്തിൻ്റെ റിലീസിനെ എതിർക്കുകയും ഇക്കാര്യത്തിൽ തൻ്റെ നിലപാട് വ്യക്തമാക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെടുകയും ചെയ്തിരുന്നു.

1975-ൽ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഇന്ത്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെ അടിസ്ഥാനമാക്കിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ചിത്രം സെപ്റ്റംബർ 6ന് തിയറ്ററുകളിൽ എത്തും.

Related Articles
Next Story