ചിരിയും ഭയവും ഒരേ ഫ്രെയിമില്‍... പ്രകമ്പനം ട്രെയിലര്‍ റിലീസ് ചെയ്തു!
Malayalam movie Prakambanam trailer is out

ഹാസ്യവും ഹൊററും ഒരേ ഫ്രെയിമില്‍ ചേര്‍ത്ത് ഒരുക്കിയ 'പ്രകമ്പനം' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തിറക്കി. ചിരിപ്പിക്കുന്ന മുഹൂര്‍ത്തങ്ങളും പേടിപ്പിക്കുന്ന ട്വിസ്റ്റുകളും ഒരുമിച്ച് നിറയുന്നതാണ് ട്രെയിലര്‍. ഒളിപ്പിച്ചുവെച്ചിരിക്കുന്ന സീക്രറ്റ് എലമെന്റ്‌സും സര്‍പ്രൈസുകളും ട്രെയിലറിനെ ശ്രദ്ധേയമാക്കുന്നു.
കോമഡിയുടെ പെരുമഴയും ത്രില്ലിന്റെ പ്രകമ്പനവും ചേര്‍ന്ന ഈ ഹോസ്റ്റല്‍ പശ്ചാത്തല ഹൊറര്‍ കോമഡി എന്റര്‍ടെയ്‌നര്‍, യുവതലമുറയെ ലക്ഷ്യമിട്ടുള്ള ഒരു ഫുള്‍ പാക്കേജ് സിനിമയായിരിക്കും. ഗണപതിയും സാഗര്‍ സൂര്യയും പ്രധാന വേഷങ്ങളില്‍ എത്തുന്ന 'പ്രകമ്പനം' ജനുവരി 30-ന് തിയേറ്ററുകളില്‍ എത്തും.
കൊച്ചിയിലെ ഒരു മെന്‍സ് ഹോസ്റ്റലും കണ്ണൂരുമാണ് ചിത്രത്തിന്റെ പ്രധാന പശ്ചാത്തലം. ഹോസ്റ്റല്‍ ജീവിതത്തിലെ രസകരമായ നിമിഷങ്ങളിലേക്കാണ് ഹൊറര്‍ ഘടകങ്ങള്‍ കടന്നുവരുന്നത്. തമാശയും ഭയവും ഒരുമിച്ച് അനുഭവിപ്പിക്കുന്ന വ്യത്യസ്തമായ ഒരു സിനിമാറ്റിക് അനുഭവം തന്നെയാണ് 'പ്രകമ്പനം' ലക്ഷ്യമിടുന്നത്. ശീതള്‍ ജോസഫ് ആണ് ചിത്രത്തിലെ നായിക.
നവരസ ഫിലിംസും കാര്‍ത്തിക് സുബ്ബരാജിന്റെ സ്റ്റോണ്‍ ബെഞ്ച് സ്റ്റുഡിയോയും ചേര്‍ന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. 'നദികളില്‍ സുന്ദരി'യ്ക്ക് ശേഷം വിജേഷ് പാണത്തൂര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം, ശ്രീജിത്ത് കെ. എസ്, കാര്‍ത്തികേയന്‍ എസ്, സുധീഷ് എന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. കഥ സംവിധായകന്റേതും തിരക്കഥയും സംഭാഷണവും നവാഗതനായ ശ്രീഹരി വടക്കനുടേതുമാണ്.
അമീന്‍, കലാഭവന്‍ നവാസ്, രാജേഷ് മാധവന്‍, മല്ലിക സുകുമാരന്‍, അസീസ് നെടുമങ്ങാട്, പി. പി. കുഞ്ഞികൃഷ്ണന്‍, ഗായത്രി സതീഷ്, ലാല്‍ ജോസ്, പ്രശാന്ത് അലക്‌സാണ്ടര്‍, സനീഷ് പല്ലി, കുടശ്ശനാട് കനകം എന്നിവരടങ്ങുന്ന വന്‍ താരനിരയും ചിത്രത്തിന്റെ മറ്റൊരു ആകര്‍ഷണമാണ്. മലയാളത്തിലെ പ്രമുഖ ഇന്‍ഫ്‌ലുവന്‍സേഴ്‌സും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.
സംഗീതം: ബിബിന്‍ അശോക്. പശ്ചാത്തല സംഗീതം: ശങ്കര്‍ ശര്‍മ്മ. ഛായാഗ്രഹണം: ആല്‍ബി ആന്റണി. എഡിറ്റിംഗ്: സൂരജ് ഇ. എസ്. ആര്‍ട്ട് ഡയറക്ഷന്‍: സുഭാഷ് കരുണ്‍.
