ദൈവത്തിനോടും ബ്ലസ്സിയോടും നന്ദി: മല്ലിക സുകുമാരൻ
കൊച്ചി: കഷ്ടപ്പാടിനുള്ള മറുപടിയാണ് പൃഥ്വിരാജിന് ലഭിച്ച സംസ്ഥാന ചലച്ചിത്ര പുരസ്കാരമെന്ന് മല്ലിക സുകുമാരൻ. ആടുജീവിതത്തിലെ അഭിനയത്തിനാണ് പൃഥ്വിരാജ് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കിയിരിക്കുന്നത്. പൃഥ്വിരാജിന് പുരസ്‌കാരം ലഭിച്ചതിന് ദൈവത്തോട് നന്ദിയുണ്ടെന്നും മല്ലിക പ്രതികരിച്ചു.
'പൃഥ്വിരാജ് ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. ഒരുപാടുപേർ വിമർശിച്ചു. പ്രേക്ഷകർക്ക് നന്ദി പറയുന്നു. ഗോകുലിന് അവാർഡ് ലഭിച്ചതിൽ സന്തോഷമുണ്ട്. ബ്ലസ്സിയോടും നന്ദി പറയുന്നു,'' അവർ പറഞ്ഞു.
അതേസമയം ആടുജീവിതം സിനിമയിലൂടെ മികച്ച നടനുള്ള അവാർഡ് ലഭിച്ചത് ഇരട്ടി മധുരമെന്ന് പൃഥ്വിരാജും പ്രതികരിച്ചു. ആടുജീവിതത്തിൽ പ്രവർത്തിച്ച ആർക്ക് എന്ത് അംഗീകാരം കിട്ടിയാലും ആ സിനിമയിലെ ഓരോരുത്തർക്കും അവകാശപ്പെട്ടതാണെന്നും സിനിമ സൃഷ്ടിക്കപ്പെട്ട സാഹചര്യം അങ്ങനെയായിരുന്നുവെന്നും പൃഥ്വിരാജ് പറഞ്ഞു. പുരസ്‌കാരം കിട്ടിയതുകൊണ്ട് സിനിമയോടുള്ള തന്റെ സമീപനം മാറില്ലെന്നും പൃഥ്വിരാജ് പറഞ്ഞു.
പൃഥ്വിരാജിന് ഇത് മൂന്നാം പുരസ്‌കാര നേട്ടമാണ്. നേരത്തെ വാസ്തവം, സെല്ലുലോയ്ഡ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് പുരസ്‌കാരം ലഭിച്ചത്. സംസ്ഥാന പുരസ്‌കാരത്തിൽ ഒൻപത് അവാർഡുകളാണ് ആടുജീവിതം കൈയടക്കിയത്. മികച്ച നടനൊപ്പം, മികച്ച സംവിധായകൻ, മികച്ച അവലംബിത തിരക്കഥ ഉൾപ്പടെയുള്ള പുരസ്‌കാരങ്ങളാണ് ആടുജീവിതം നേടിയത്.