അവൻ മര്യാദയ്‌ക്ക് ജീവിക്കട്ടെ, പൃഥ്വിരാജ് അമ്മയുടെ പ്രസിഡന്റ് ആകാൻ പോകരുതെന്ന് മല്ലിക സുകുമാരൻ
താര സംഘടനയായ അമ്മയ്‌ക്കെതിരെ നടി മല്ലിക സുകുമാരൻ. തന്റെ ഭർത്താവ് സുകുമാരനെയും മകൻ പൃഥ്വിരാജിനെയും അമ്മ വിലക്കിയിരുന്നു എന്നും ഇപ്പോൾ ആരോപണ വിധേയരായ ചിലർ പൃഥ്വിരാജിനെതിരെ മുദ്രാവാക്യം വിളിക്കാൻ ഉണ്ടായിരുന്നുവെന്നും മല്ലിക സുകുമാരൻ പറഞ്ഞു. അമ്മയുടെ പ്രസിഡന്റ് ആകാൻ പൃഥ്വിരാജ് പോകരുതെന്നാണ് തന്റെ ആഗ്രഹമെന്നും നടി പ്രതികരിച്ചു.
“ഇതുപോലെ ഒരു വിലക്ക് നേരിട്ട് ആളാണ് സുകുവേട്ടനും. അതാണ് ചിരിക്കേണ്ട സംഭവം. എന്തിനാണ് വിലക്കിയതെന്ന് ചോദിച്ചാൽ, അമ്മയുടെ ബൈലോ ശരിയല്ല എന്ന് സുകുവേട്ടൻ പ്രസംഗിച്ചു. നുണ പറയാൻ ഞാനില്ല. പൃഥ്വിയെ അമ്മ വിലക്കിയിട്ടുണ്ട്. ഇന്നത്തെ പേരുകളിൽ ഉള്ള രണ്ടു മൂന്നു പേർ പൃഥ്വിരാജിനെതിരെ മുദ്രാവാക്യം വിളിച്ചു. വിനയന്റെ സിനിമ വേണ്ടെന്നു വയ്‌ക്കണമെന്നായിരുന്നു നിർദ്ദേശം”.
“നിയമം അറിയാവുന്ന മനുഷ്യനാണ് സുകുവേട്ടൻ. അദ്ദേഹം ബൈലോ ശരിയല്ലെന്ന് പറഞ്ഞതിനാണ് സുകുവേട്ടനെ വിലക്കിയത്. ഇങ്ങനെയൊക്കെ വിലക്കിയ ഒരു സംഘടനയാണ് അമ്മ. പൃഥ്വി അമ്മയുടെ പ്രസിഡന്റ് ആകണം എന്നൊക്കെ പറയുന്നത് ചുമ്മാതെയാണ്. എന്റെ മോൻ അതിലൊന്നും പോകേണ്ട. തീരുമാനങ്ങൾ അവന് വിട്ടുകൊടുക്കുന്നു. അവൻ ജോലി ചെയ്ത മര്യാദയ്‌ക്ക് ജീവിക്കട്ടെ. നമുക്ക് സ്ഥാനമാനങ്ങളോടൊന്നും അതിമോഹമില്ല”-മല്ലികാ സുകുമാരൻ പറഞ്ഞു.