അവാർഡ് നേട്ടം തന്നെ സന്തോഷിപ്പിക്കുന്നില്ല, എല്ലാവരും വയനാടിനെ സഹായിക്കണം; വേദിയിൽ മമ്മൂട്ടി

ഫിലിം ഫെയർ അവാർഡ് വേദിയിൽ വയനാടിനെ സഹായിക്കണമെന്ന അഭ്യർത്ഥനയുമായി മമ്മൂട്ടി. പതിനഞ്ചാമത് ഫിലിം ഫെയർ അവാർഡ് ആണ് മമ്മൂട്ടി ഏറ്റുവാങ്ങിയത്. നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മികച്ച അഭിനേതാവിനുള്ള ഫിലിം ഫെയർ അവാർഡ് മമ്മൂട്ടി സ്വന്തമാക്കിയത്.

ഹൈദരാബാദിൽ വെച്ച് നടന്ന ഫിലിംഫെയർ സൗത്ത് അവാർഡ് 2024 വേദിയിൽ നിന്നും മമ്മൂട്ടി നടത്തിയ പ്രസംഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ചിത്രത്തിന്റെ സംവിധായകനും, ക്രൂവിനും നന്ദി താരം നന്ദി പറഞ്ഞു.

ഇത് തന്റെ 15മത്തെ ഫിലിം ഫെയർ അവാർഡാണ്, എന്നാൽ അവാർഡ് നേട്ടം സന്തോഷിപ്പിക്കുന്നില്ലെന്നും വയനാടിന്റെ വേദനയാണ് മനസിലെന്നും പറഞ്ഞു. ജീവനും ഉപജീവനവും നഷ്ടപ്പെട്ടവർക്കൊപ്പമാണ് മനസ്, എല്ലാവരും വയനാടിനെ സഹായിക്കണമെന്നും മമ്മൂട്ടി അഭ്യർത്ഥിച്ചു.


അതേസമയം, വയനാടിന്റെ രക്ഷാപ്രവർത്തനത്തിനായി 20 ലക്ഷം രൂപയും തന്റെ കെയർ ആൻഡ് ഷെയർ ഫൗണ്ടേഷൻ വഴി മറ്റ് സഹായങ്ങളും മമ്മൂട്ടി ചെയ്തിരുന്നു. ദുൽഖർ സൽമാൻ 15 ലക്ഷം രൂപയാണ് സഹായധനമായി നൽകിയത്. എറണാകുളം ജില്ലാ ഭരണകൂടം കൊച്ചി കടവന്ത്ര റീജിയണൽ സ്‌പോർട്‌സ് സെന്ററിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ശേഖരിച്ച അവശ്യ വസ്തുക്കൾ വയനാട്ടിലേക്ക് അയച്ചിരുന്നു. മന്ത്രി രാജീവിനൊപ്പം മമ്മൂട്ടിയും ഇതിന് നേതൃത്വം നൽകാൻ എത്തിയിരുന്നു. ഇവിടെ വച്ചാണ് മമ്മൂട്ടി 35 ലക്ഷത്തിന്റെ ചെക്ക് മന്ത്രി രാജീവിന് കൈമാറിയത്.

Related Articles
Next Story