മമ്മൂട്ടി സർ ഒരു ഇതിഹാസമാണ് മുമ്പിൽ നിൽക്കാനുള്ള ശേഷി പോലും എനിക്കില്ല: ഋഷഭ് ഷെട്ടി
മുംബൈ: ദേശീയ ചലചിത്ര പുരസ്‌കാര നേട്ടത്തിൽ പ്രതികരണവുമായി കന്നഡ നടൻ ഋഷഭ് ഷെട്ടി. പുരസ്‌കാരം പ്രതീക്ഷിച്ചിരുന്നില്ലെന്നും അവസാനം വരെ വിശ്വാസമുണ്ടായിരുന്നില്ലെന്നും നടൻ പറഞ്ഞു. മമ്മൂട്ടിയെ പോലുള്ള മഹാനടന്മാരുടെ മുമ്പിൽ നിൽക്കാനുള്ള ശക്തി പോലും തനിക്കില്ലെന്നും ഋഷഭ് കൂട്ടിച്ചേർത്തു.
'മമ്മൂട്ടി സാറിന്റെ സിനിമ മത്സരത്തിന് ഉണ്ടായിരുന്നോ എന്ന് എനിക്കറിയില്ല. സമൂഹമാധ്യമങ്ങളിൽ അത്തരം വാർത്തകൾ കണ്ടിരുന്നു. ജൂറിയുടെ മുമ്പാകെ ഏതെല്ലാം ചിത്രങ്ങളാണ് ഉണ്ടായിരുന്നത് എന്നുമറിയില്ല. മമ്മൂട്ടി സർ ഒരു ഇതിഹാസമാണ്. അദ്ദേഹത്തെ പോലുള്ള മഹാനടന്റെ മുമ്പിൽ നിൽക്കാനുള്ള ശക്തി എനിക്കില്ല. മമ്മൂട്ടിയെ പോലുള്ള ഇതിഹാസ താരങ്ങൾ മത്സരത്തിനുണ്ടായിരുന്നു എങ്കിൽ ഞാനെന്നെ തന്നെ വലിയ ഭാഗ്യവാനായി കാണുന്നു.'
പുരസ്‌കാരനേട്ടത്തെ കുറിച്ച് ഋഷഭ് പ്രതികരിച്ചതിങ്ങനെ; 'ഞാനിത് പ്രതീക്ഷിച്ചിരുന്നില്ല. എനിക്ക് പുരസ്‌കാരം കിട്ടുമെന്ന് ഒരുപാട് പേർ പറഞ്ഞിരുന്നുവെങ്കിലും വാർത്താ സമ്മേളനത്തിൽ ജൂറി പറയും വരെ എനിക്ക് വിശ്വാസമില്ലായിരുന്നു. പുരസ്‌കാര വാർത്തയറിഞ്ഞ് ആദ്യമായി അഭിനന്ദിച്ചത് ഭാര്യയാണ്. കാന്താരയിലെ പ്രകടനത്തിന് പുരസ്‌കാരം നൽകാൻ ജൂറിക്ക് അവരുടേതായ കാരണമുണ്ടായിരിക്കണം.'